ദില്ലി: ജമ്മുകശ്മീരിലെ 4 ജി സേവനവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കോടതി വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. 

ജമ്മുകശ്മീരിൽ ഫോര്‍ ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിക്കണമെന്ന് മെയ് 11ന് സുപ്രീംകോടതി വിധിച്ചിരുന്നു. സമിതി രൂപീകരിക്കുന്നതിന് പകരം നിരോധനം നീട്ടുകയാണ് ചെയ്തതെന്ന് കോടതിയലക്ഷ്യ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ജമ്മുകശ്മീരിലെ പ്രത്യേക സാഹചര്യങ്ങൾ പരിശോധിച്ചാണ് തീരുമാനങ്ങളെന്നും എല്ലാ വിവരങ്ങളും സീൽവെച്ച കവറിൽ നൽകിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറൽ വ്യക്തമാക്കി. 

വിധി നടപ്പാക്കാനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നാണ് അറിയേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്രത്തിന് ഒരാഴ്ചത്തെ സമയം സുപ്രീംകോടതി നൽകിയത്.