ദില്ലി: ജമ്മു കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

"ഞാൻ കേന്ദ്ര സർക്കാരിനോട് പല കാര്യത്തിലും വിയോജിക്കുന്ന ആളാണ്. പക്ഷെ ഇക്കാര്യം ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു: കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിൽ പാക്കിസ്ഥാനെന്നല്ല ഒരു വിദേശ രാജ്യത്തിനും റോളില്ല. ജമ്മു കശ്മീരിൽ സംഘർഷം നടക്കുന്നുണ്ട്. അതിന് കാരണം പാക്കിസ്ഥാനാണ്. ലോകത്താകമാനം ഭീകരവാദം പരത്തുന്ന പ്രധാനികളാണ് പാക്കിസ്ഥാൻ," രാഹുൽ ഗാന്ധി ആരോപിച്ചു.

ട്വിറ്ററിലെ ഒദ്യോഗിക പേജിലൂടെയാണ് രാഹുൽ ഗാന്ധി ഈ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.