ജമ്മു: ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞുകൊണ്ടുള്ള ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി കശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളെല്ലാം പിന്‍വലിച്ചത് ഓഗസ്റ്റ് മാസം അഞ്ചാം തിയതിയായിരുന്നു. ഫോണ്‍ ബന്ധം പോലുമില്ലാത്ത 47 ദിവസങ്ങള്‍ കശ്മീരി ജനത പിന്നിടുമ്പോള്‍ താഴ്വരയില്‍ നിന്ന് പല വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഫോണുകളെല്ലാം അധികൃതര്‍ നിശ്ചലമാക്കിയിട്ടും പുതിയ ബില്ലുകള്‍ക്ക് കുറവില്ലെന്നതാണ് അക്കൂട്ടത്തിലൊന്ന്.

ഇന്‍റര്‍നെറ്റ് സംവിധാനവും മൊബൈല്‍ ഫോണ്‍ നെറ്റ്‍വര്‍ക്കുകളുമടക്കമുള്ള വാര്‍ത്ത വിനിമയ സംവിധാനങ്ങളെല്ലാം അധികൃതര്‍ നിഷേധിച്ചിട്ടും കഴിഞ്ഞ ദിവസം ഇവിടുത്തെ നിരവധിപേര്‍ക്ക് ടെലിക്കോം കമ്പനികളുടെ ബില്ലുകള്‍ ലഭിച്ചെന്ന് വാര്‍ത്ത വിതരണ ഏജന്‍സിയായ പി ടി ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊബൈലും ഇന്‍റര്‍നെറ്റും അനുവദിക്കാതിരുന്നിട്ടും  ഏയര്‍ടെല്ലില്‍ നിന്ന് 779 രൂപയുടെ ബില്ലി ലഭിച്ചെന്ന് ശ്രീനഗറിനടുത്തുള്ള സഫകടല്‍ സ്വദേശിയായ ഉബൈദ് നബി വ്യക്തമാക്കി. മുഹമ്മദ് ഉമറിനാകട്ടെ 380 രൂപയുടെ ബില്ല് ബി എസ് എന്‍ എല്‍ ആണ് നല്‍കിയത്.

വാര്‍ത്ത വിനിമയ സംവിധാനങ്ങളെല്ലാം നിഷേധിക്കപ്പെട്ടിട്ടും ഇത്തരത്തില്‍ ഫോണ്‍ ബില്ലുകള്‍ ലഭിക്കുന്നത് എന്തുകൊണ്ടാണെന്നും പ്രദേശവാസികള്‍ ചോദിക്കുന്നു. പരാതി അറിയിച്ചിട്ട് ടെലക്കോം കമ്പനികള്‍ മറുപടി നല്‍കിയിട്ടില്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഇല്ലാതിരുന്ന ഘട്ടത്തില്‍ നേരത്തെയും ഇത്തരത്തില്‍ ടെലക്കോം കമ്പനികള്‍ ബില്ലുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.