ശ്രീനഗർ: കനത്ത സുരക്ഷയിൽ തുടരുന്ന ജമ്മു കശ്മീരിൽ സ്ഥിതി ശാന്തമായി തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിർണായക നീക്കം നടന്നിട്ടും, പ്രതിഷേധപ്രകടനങ്ങളൊന്നും സംസ്ഥാനത്ത് നടന്നതായി വിവരങ്ങളില്ല. നിരോധനാജ്ഞ കർശനമായി നടപ്പാക്കുന്നുണ്ടെന്നും, ജനങ്ങളുടെ അവശ്യ സേവനങ്ങൾക്ക് മുടക്കം വന്നിട്ടില്ലെന്നുമാണ് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകൾ.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ടാണ് കശ്മീരിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. ഇന്നലെ ശ്രീനഗറിൽ നേരിട്ടെത്തിയാണ് ദോവൽ സുരക്ഷാ നടപടികൾക്ക് മേൽനോട്ടം വഹിയ്ക്കുന്നത്. 43,000 സൈനികരെക്കൂടി ജമ്മു കശ്മീരിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അർധസൈനികർ ഇപ്പോൾ സുരക്ഷാ ചുമതലയ്ക്കായി സംസ്ഥാനത്തുണ്ട്. 

അതേസമയം, ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം കരുതൽ തടങ്കലിൽത്തന്നെയാണ്. മുൻമുഖ്യമന്ത്രിമാരായ പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള എന്നിവർ ഞായറാഴ്ച അർധരാത്രി മുതൽ വീട്ടു തടങ്കലിലായിരുന്നു. ഇവരെ തിങ്കളാഴ്ചയോടെ അറസ്റ്റ് ചെയ്ത് സർക്കാർ ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിനെയും സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയെയും ഞായറാഴ്ച തന്നെ വീട്ടു തടങ്കലിലാക്കിയിരുന്നു. 

താഴ്‍വരയിൽ ആശങ്ക

സാഹചര്യങ്ങൾ നിയന്ത്രണാതീതമാകാതിരിക്കാൻ സുരക്ഷാ സേനകൾ കനത്ത ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും ജനങ്ങൾ ആശങ്കയിലാണ്. ജോലിയ്ക്ക് പോകുന്നവർ അടക്കമുള്ളവർ മാത്രമാണ് പുറത്തു പോകുന്നത്. കൂട്ടം കൂടുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്. പ്രതിഷേധപ്രകടനങ്ങളോ റാലികളോ സംസ്ഥാനത്തെവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാക് അധീന കശ്മീരിൽ പ്രതിഷേധ റാലികളും മറ്റും നടന്നിരുന്നെങ്കിലും, താഴ്‍വര നിലവിൽ ശാന്തമാണ്.

''സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ സമാഹരിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾക്കും ക്ഷാമമില്ല. അടുത്ത 3 മാസത്തേയ്ക്ക് വേണ്ടത്ര അവശ്യവസ്തുക്കൾ ശേഖരിച്ചു വച്ചിട്ടുണ്ട്. അരി, ഗോതമ്പ്, മട്ടൺ, മുട്ട എന്നീ ഭക്ഷ്യവസ്തുക്കൾക്ക് പുറമേ പെട്രോളും ഡീസലും വേണ്ടത്ര ശേഖരിച്ചിട്ടുണ്ട്'', പ്ലാനിംഗ് കമ്മീഷൻ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസൽ അറിയിച്ചു. 

രണ്ടാഴ്ച കൊണ്ട് ഏതാണ്ട് 300 കമ്പനി (മുപ്പതിനായിരത്തോളം പേർ) അർധസൈനികരെയാണ് താഴ്‍വരയിൽ വിന്യസിച്ചത്. നേരത്തേ അമർനാഥ് യാത്രയ്ക്ക് വേണ്ടി വിന്യസിച്ച പതിനയ്യായിരത്തിന് പുറമേയാണിത്. 43,000 സൈനികരെക്കൂടി താഴ്‍വരയിൽ വിന്യസിച്ചതോടെ, ഏതാണ്ട് ഒരു ലക്ഷം അർധസൈനികർ സുരക്ഷയ്ക്കായി പ്രദേശത്തുണ്ട്.