ശ്രീനഗര്‍: അവസാനമായി വീടുവിട്ടിറങ്ങുമ്പോള്‍ മുഹമ്മദ്  അലി ഭട്ട് അവന്‍റെ മാതാപിതാക്കളെ കണ്ടിരുന്നു. എന്നാല്‍ ഭീകരാക്രമണക്കേസില്‍ 23 കൊല്ലത്തെ ജയില്‍ വാസത്തിനൊടുവില്‍ കുറ്റവാളിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ട അലിയെ സ്വീകരിച്ചത് മാതാപിതാക്കളുടെ ഖബറായിരുന്നു. 

1996 മെയ് 22 ന് ജമ്മു കശ്മീരിലെ സംലേതി ബോംബാക്രമണക്കേസില്‍ പ്രതിയാണെന്ന് ആരോപിച്ചാണ് അലിയെ ജയിലിലടച്ചത്. എന്നാല്‍ 23 വര്‍ഷത്തിനിപ്പുറം ജൂലൈ 24 ന് രാജസ്ഥാന്‍ ഹൈക്കോടതി അലി അടക്കം അഞ്ച് പേരെ കുറ്റവിമുക്തരാക്കി. പ്രധാന പ്രതിയായ ഡോ അബ്ദുള്‍ ഹമീദുമായി ഇവര്‍ക്കുള്ള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.  അബ്ദുള്‍ ഹമീദിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. 

ജയില്‍ മോചിതനായ അലി ആദ്യം എത്തിയത് മാതാപിതാക്കളുടെ ഖബറിടത്തിലായിരുന്നു. പൊട്ടിക്കരഞ്ഞ് അയാള്‍ ആ ഖബറിടത്തില്‍ വീണുകരഞ്ഞു. ആകാശ് ഹസ്സന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് അലി മുഹമ്മദിന്‍റെ വീ‍ഡിയോ പങ്കുവച്ചിരിക്കുന്നത്. 

ജയിലില്‍ വച്ച് അയാള്‍ക്ക് തന്‍റെ മാതാപിതാക്കളെയും യൗവ്വനത്തെയും നഷ്ടമായിയെന്ന് ആകാശ് ഹസ്സന്‍ വീഡിയോക്കൊപ്പം കുറിച്ചു. ശ്രീനഗര്‍ സ്വദേശിയാണ് മുഹമ്മദ് അലി ഭട്ട്. 2014 വരെ ദില്ലിയിലെ തീഹാര്‍ ജയിലിലായിരുന്നു അലിയെ താമസിപ്പിച്ചിരുന്നത്. പിന്നീട് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നുവെന്ന് ഗ്രേറ്റര്‍ കശ്മീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.