ശ്രീനഗര്‍: മകളുടെ നിക്കാഹ് നടത്തിയതിന്‍റെ രേഖയുമായി പത്രമോഫീസുകള്‍ കയറിയിറങ്ങുകയാണ് കശ്മീരിലെ ഒരു പിതാവ്. വിവാഹത്തിന്‍റെ ഭാഗമായുള്ള മറ്റ് ചടങ്ങുകള്‍ നടത്തണമെങ്കില്‍ വീട്ടുതടങ്കലില്‍ നിന്ന് ഭാവിമരുമകനെ വിട്ടുകിട്ടണം. ഓരോ തവണ അധികൃതര്‍ക്ക് മുമ്പില്‍ എത്തുമ്പോഴും അദ്ദേഹം ആവശ്യപ്പെടുന്നതും ഒന്ന് മാത്രമാണ്. മകളുടെ വിവാഹം നടത്താന്‍ വരനെ മോചിപ്പിക്കണം. 

വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ റാഫിയാബാദ് നിവാസിയായ നസീര്‍ അഹമ്മദ് ഭട്ടാണ് മകളുടെ വിവാഹം എന്ന സ്വപ്നവുമായി ജീവിക്കുന്നത്. താമസസ്ഥലത്ത് നിന്ന് 60 കിലോമീറ്റര്‍ യാത്ര ചെയ്താണ് അദ്ദേഹം പത്രമോഫീസില്‍ എത്തിയത്. ഇവിടെ കാര്യങ്ങള്‍ അറിയിക്കുകയാണെങ്കില്‍ എന്തെങ്കിലും പരിഹാര നടപടികള്‍ അധികൃതര്‍ സ്വീകരിക്കും എന്നതാണ് ഭട്ടിന്‍റെ അവസാന പ്രതീക്ഷ. 

മകളുടെ നിക്കാഹ് നേരത്തെ തന്നെ കഴിഞ്ഞതാണ്. സെപ്തംബര്‍ എട്ടിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ബിരുദധാരിയും ഗ്രാമമുഖ്യനുമായ തന്‍വീര്‍ അഹമ്മദാണ് വരന്‍. കഴിഞ്ഞ ആറുമാസങ്ങളായി വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. ഇതിനിടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം തന്‍വീര്‍ പൊലീസ് കസ്റ്റഡിയിലായി. അക്രമം തടയുന്നതിന്‍റെ ഭാഗമായി മറ്റ് രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്തതിന്‍റെ കൂടെ തന്‍വീറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. 

ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചിരുന്നതിനാല്‍ കസ്റ്റഡിയിലെടുത്ത് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭട്ട് വിവരം അറിയുന്നത്. അച്ഛനും അമ്മയും അഞ്ച് സഹോദരിമാരും ഉള്‍പ്പെടുന്ന കുടുംബത്തിലെ ഏക ആശ്രയമാണ് തന്‍വീര്‍. സഹോദരിമാരുടെ വിവാഹം കഴിഞ്ഞ് പല സ്ഥലങ്ങളിലായി താമസിക്കുകയാണ്. ദുരിതമനുഭവിക്കുന്ന കുടുംബത്തിന് തന്‍വീറാണ് സഹായമെന്നും വിവാഹം നടത്താന്‍ അധികൃതര്‍ സമ്മതിക്കുകയാണെങ്കില്‍ തന്‍റെ മകള്‍ ആ കുടുംബത്തിന് കൈത്താങ്ങായി ഉണ്ടാകുമെന്നുമാണ് ഭട്ട് പറയുന്നത്. നിയമപരമായി വിവാഹം കഴിഞ്ഞെങ്കിലും ഭര്‍തൃഗൃഹത്തിലേക്ക് പോകണമെങ്കില്‍ ഇനിയും മറ്റ് ചില വിവാഹ ചടങ്ങുകള്‍ കൂടി നടത്തേണ്ടതുണ്ടെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.