കാന്‍സര്‍ ബാധിതനായതിനേ തുടര്‍ന്ന്  ദില്ലി ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശം അനുസരിച്ച് അല്‍താഫ് അഹമ്മദ് ഷായെ എയിംസിലേക്ക് മാറ്റി ഏതാനും ദിവസം പിന്നിടുമ്പോഴാണ് അന്ത്യം. അറുപത്തിയാറ് വയസായിരുന്നു. 

കശ്മീരി വിഘടനവാദി നേതാവ് അല്‍താഫ് അഹമ്മദ് ഷാ കാന്‍സര്‍ ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച ദില്ലിയിലെ എയിംസ് ആശുപത്രിയിലായിരുന്നു ഹുറിയത്ത് നേതാവായിരുന്ന സയ്യിദ് അലി ഷാ ഗിലാനിയുടെ മരുമകനായിരുന്ന അല്‍താഫ് അഹമ്മദ് ഷായുടെ അന്ത്യം. ദില്ലി ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശം അനുസരിച്ച് അല്‍താഫ് അഹമ്മദ് ഷായെ തിഹാര്‍ ജയിലില്‍ നിന്ന് എയിംസിലേക്ക് മാറ്റി ഏതാനും ദിവസം പിന്നിടുമ്പോഴാണ് അന്ത്യം. അറുപത്തിയാറ് വയസായിരുന്നു.

അല്‍താഫ് അഹമ്മദ് ഷാ മരിച്ചതായി വിവരം ലഭിച്ചെന്ന് മകള്‍ റുവാ ഷാ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. തടവുകാരനായാണ് അല്‍താഫ് അഹമ്മദ് ഷാ മരിച്ചതെന്നും മകള്‍ ട്വീറ്റ് ചെയ്തു. ശ്രീനഗറിലെ സൌറ നിവാസിയായിരുന്നു അല്‍താഫ് അഹമ്മദ് ഷാ. ഭീകരവാദത്തിന് ധനശേഖരണം നടത്തിയെന്ന എന്‍ഐഎ അന്വേഷിക്കുന്ന കേസിലാണ് ഷായെ 2017 ജൂലൈ 25ന് അറസ്റ്റ് ചെയ്തത്. കാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ദില്ലി എയിംസിലേക്ക് മാറ്റാന്‍ ഒക്ടോബര്‍ 2നാണ് ദില്ലി ഹൈക്കോടതി ഉത്തരവിട്ടത്.

Scroll to load tweet…

ദില്ലിയിലെ റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ നിന്ന് ഗുരുതര രോഗത്തിന് ചികിത്സ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ വൃക്കയില്‍ അര്‍ബുദം ബാധിച്ച അവസാന ഘട്ടത്തിലാണെന്ന് അടുത്തിടെയാണ് കണ്ടെത്തിയതെന്നും ഷാ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ആര്‍എംഎല്‍ ആശുപത്രിയില്‍ വൃക്കയിലെ ചികിത്സയ്ക്ക് മതിയായ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ എയിംസിലേക്ക് മാറ്റണമെന്ന് ഷാ അഭ്യര്‍ത്ഥിച്ചിരുന്നു. ഭാര്യയും മകനും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് ഷായുടെ കുടുംബം.