അടുത്ത വർഷം ജൂലൈക്ക് ശേഷമാകും അന്തിമ വിജ്ഞാപനം ഇറങ്ങുക. ജൂൺ 30 ന് കരടിന്‍റെ കാലവധി അവസാനിക്കുന്ന സാഹചര്യത്തിലാണ്  വീണ്ടും നീട്ടിയത്.

ദില്ലി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ കരട് വിജ്ഞാപന കാലാവധി ഒരു വര്‍ഷം നീട്ടി കേന്ദ്ര സർക്കാര്‍. റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം അടുത്ത വര്‍ഷം ജൂണിന് ശേഷം മാത്രമായിരിക്കും ഇറങ്ങുക. ബഫർസോണിലടക്കം ആശങ്ക നിലനില്‍ക്കേയാണ് കരട് വിജ്ഞാപനം നീട്ടിയത്

2013 ലാണ് കസ്തതൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ കരട് വിജ്ഞാപനം പുറത്തിറങ്ങിയത്. ഇതിനോടകം പല തവണ നീട്ടിയ കരട് വിജ്ഞാപനത്തിന്‍റെ അവസാന കാലാവധി ഈ ജൂണില്‍ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കരട് കാലാവധി വീണ്ടും നിട്ടീയത്. അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ ഉറപ്പ് നിലനില്‍ക്കേ കാലാവധി നീളുന്നത് എന്നതും ശ്രദ്ധേയമാണ്. ജനവാസമേഖലകളും കൃഷ്ടയിടങ്ങളും അടക്കം സംരക്ഷികുന്ന തരത്തിലുള്ള ഇളവുകളോടെ അന്തിമ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് കേരളത്തിന്‍റെ നിലപാട്. 

ഇഎസ്എയിൽ ഉൾപ്പെട്ട വില്ലേജുകളിലെ ഇളവുകൾ എന്തൊക്കെയാണെന്ന് അന്തിമ വിജ്ഞാപനം പുറത്ത് വന്നാൽ മാത്രമേ വ്യക്തമാവൂ. എംപിമാര്‍ അടക്കമുള്ളവര്‍ ഇതിനോടകം നിരവധി തവണ വകുപ്പ് മന്ത്രിയെ കണ്ട് ഇക്കാര്യത്തിലെ ആശങ്ക അറിയിച്ചുണ്ട്. എന്നാല്‍ കരട് വീണ്ടും നീട്ടുന്നതിനാല്‍ വിഷയത്തിലെ അനിശ്ചിതവും നീളുകയാണ്. പാര്‍ലമെന്‍റിന്‍റെ വര്‍ഷ കാല സമ്മേളനം നടക്കാനിരിക്കെയാണ് കരട് വിജ്ഞാപന കാലാവധി ഒരു വർഷം കൂടി നീട്ടാനുള്ള പരിസ്ഥിതി മന്ത്രാലയം തീരുമാനം വരുന്നത്. കേരളത്തോടൊപ്പം കര്‍ണാടക, ഗോവ, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിനോടകം പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. 

YouTube video player

ബഫർ സോണ്‍ ചർച്ച; നിയമനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ബഫർ സോണിൽ സുപ്രീംകോടതി വിധി മൂലമുള്ള ആശങ്ക തീർക്കാൻ എല്ലാ വഴികളും തേടാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിൽ തീരുമാനം. ബഫ‌ർ സോൺ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക തുടരുമ്പോഴാണ് സുപ്രീംകോടതി വിധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ തേടാനുള്ള സർക്കാരിന്‍റെ തീരുമാനം. സുപ്രീംകോടതിയിൽ റിവ്യു ഹർജി നൽകുന്നത് വേഗത്തിലാക്കും. ഏരിയൽ സർവ്വേ ഉടൻ തീർത്ത് ഉന്നതാധികാര സമിതിക്ക് റിപ്പോർട്ട് നൽകും. കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടും. 

ബഫർ സോൺ പ്രശ്നത്തിൽ വലിയ വാദ പ്രതിവാദങ്ങളാണ് നിയമസഭയിൽ നടന്നത്. വിവാദത്തിൽ നിയമസഭയിൽ പരസ്പരം പഴിചാരുകയായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും. ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ഉൾപ്പെടുത്തിയുള്ള ഇടത് സർക്കാർ ഉത്തരവാണ് സുപ്രീംകോടതി വിധിക്ക് കാരണമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2013 ൽ യുഡിഎഫ് സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയപ്പോൾ ഇത് തിരുത്തി ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ചേർത്തുള്ള 2019ലെ ഒന്നാം പിണറായി സർക്കാറിന്‍റെ ഉത്തരവാണ് വിധിക്ക് കാരണമെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം. എന്നാൽ, യുഡിഎഫ്-യുപിഎ സർക്കാർ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സർക്കാർ മറുപടി.