അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗമാണെന്നും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുകയാണെന്നും കെ സി വേണു​ഗോപാൽ എംപി. പതിനാലിന് ദില്ലിയിൽ വൻ റാലി കോൺഗ്രസ് വോട്ട് ചോരി വിഷയം ഉയർത്തി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരണവുമായി കോൺ​ഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ എംപി. അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗമാണെന്നും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുകയാണെന്നും കെ സി വേണു​ഗോപാൽ ദില്ലിയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുമ്പെങ്ങും ഇല്ലാത്ത പരാതികൾ ഉയരുമ്പോഴും കേന്ദ്ര സർക്കാർ കമ്മീഷന് കൂടുതൽ സംരക്ഷണം നൽകുകയാണ്. ബിജെപി വിജയിച്ച തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുമ്പോൾ, തെരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് തങ്ങളെ ചോദ്യം ചെയ്യരുതെന്ന ഷായുടെ നിലപാട് ശരിയല്ല. പതിനാലിന് ദില്ലിയിൽ വൻ റാലി കോൺഗ്രസ് വോട്ട് ചോരി വിഷയം ഉയർത്തി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയുടെ മറുപടിക്കിടെയാണ് ലോക് സഭയില്‍ അമിത് ഷായും രാഹുല്‍ ഗാന്ധിയും ഏറ്റുമുട്ടിയത്. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള പ്രചാരണം നുഴഞ്ഞു കയറ്റുക്കാരുടെ വോട്ടിന് വേണ്ടിയെന്ന് അമിത് ഷാ പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതികൊടുത്ത് പ്രസംഗം തയാറാക്കുന്നവര്‍ രാഹുല്‍ ഗാന്ധിയെ അപമാനിതനാക്കുകയാണെന്നും അമിത് ഷാ പരിഹസിച്ചു. അമിത്ഷായെ പുറത്ത് സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രസംഗത്തിനിടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുകയായിരുന്നു.