ദില്ലി: ഹഥ്റസ് കേസില്‍ നീതി ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും അനുയായികളും ദില്ലിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു. ഉത്തർപ്രദേശിലെ ഹഥ്റസിൽ 20 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ജന്തർ മന്തറിൽ തടിച്ചു കൂടിയത്.  

'ഏറ്റവും ദു:ഖത്തോടെയാണ് ഞങ്ങളിവിടെ കൂടിയിരിക്കുന്നത്. ‍ഞങ്ങളുടെ മകൾക്ക് നീതി ലഭിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുറ്റവാളികളെ എത്രയും വേ​ഗം തൂക്കിലേറ്റണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഇതുപോലെ ഒരു കുറ്റകൃത്യം ചെയ്യാൻ ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ അവർക്ക് നൽകണം.' കെജ്‍രിവാൾ പറഞ്ഞു. 

ഹഥ്‍റസ് സന്ദർശിക്കുമെന്നും നീതി ലഭിക്കുന്ന സമയം വരെ പോരാട്ടം തുടരുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധക്കാർ കൂട്ടായ്മയിൽ പങ്കെടുത്തത്. അധികാരത്തിൽ തുടരാനുള്ള അവകാശം യുപി സർക്കാരിനില്ലെന്നും നീതി ലഭ്യമാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ദിവസമാണ് പ്രതിഷേധത്തനായി തെരഞ്ഞെടുത്തത്. അടിച്ചമർത്തപ്പെട്ടവർക്ക് ഏറ്റവും കൂടുതൽ പോരാടിയ ​ഗാന്ധിജിയുടെ ജന്മദിനമായിരുന്നു ഒക്ടോബർ 2 വെള്ളിയാഴ്ച. 

സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. ദില്ലിയിൽ നടന്ന പ്രാർത്ഥനാ യോ​ഗത്തിൽ പ്രിയങ്ക ​ഗാന്ധി വധ്ര പങ്കെടുത്തിരുന്നു. പെൺകുട്ടിക്ക് നീതി ലഭിക്കുന്നവരെ പോരാട്ടം അവസാനിപ്പിക്കുകയില്ലെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. 'നിസഹായരായ അവസ്ഥയിലാണ് പെൺകുട്ടിയുടെ കുടുംബം. ഹിന്ദു ആചാരപ്രകാരമുള്ള മൃതസംസ്കാരം പോലും ആ പെൺകുട്ടിക്ക് ലഭിച്ചില്ല.' പ്രിയങ്ക വിമർശിച്ചു.