ദില്ലി: വിജയാഘോഷ വേളയിൽ പടക്കം പൊട്ടിക്കരുതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആം ആദ്മി പ്രവർത്തകരോട് ആവശ്യപ്പെട്ടു. അന്തരീക്ഷ മലിനീകരണം തടയുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും  പാർട്ടി പ്രവർത്തകർ പറഞ്ഞു. മലിനീകരണത്തിന് കാരണമാകുന്നതിനാൽ പടക്കം പൊട്ടിക്കരുതെന്ന് കെജ്‌രിവാൾ പാർട്ടി വോളന്റിയർമാരോട് കർശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്. 

പാർട്ടിയുടെ മുഖ്യകാര്യാലയമായ ഐടിഒയിൽ മധുരപലഹാരങ്ങളും മറ്റ് ആഹാരപദാർത്ഥങ്ങളും വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നും പാർട്ടി പ്രവർ‌ത്തകർ വ്യക്തമാക്കി. മൂന്നാം തവണയും അധികാരത്തിലേറുമെന്ന ശുഭപ്രതീക്ഷയിലാണ് ദില്ലിയിലെ ആംആദ്മി പാർട്ടി. എക്സിറ്റ് പോളുകളിലെ ഫലം പാർട്ടിക്ക് അനുകൂലമായിരുന്നു. 2015 ലെ തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാലാണ് ആം ആദ്മി പാർട്ടി. അന്ന് ആം ആദ്മി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപിയുടെ  സീറ്റിന്റെഎണ്ണം വെറും മൂന്നായിരുന്നു. കോൺ​ഗ്രസിന് ഒന്നും നേടാന്‌ സാധിച്ചില്ല. തെരഞ്ഞെടുപ്പ് പത്രികയിൽ ആം ആദ്മി പാർട്ടി നൽകിയ വാ​ഗ്ദാനങ്ങളിൽ ഒന്നാം സ്ഥാനം വായുമലിനീകരണം കുറയ്ക്കുക എന്നതാണ്.