ദില്ലി:  നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന്. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഉൾപ്പടെയുള്ള പ്രമുഖർ ഇന്ന് പത്രിക സമർപ്പിക്കും. കഴിഞ്ഞ ദിവസം റോഡ് ഷോയ്ക്ക് ശേഷം പത്രിക സമർപ്പിക്കാനായിരുന്നു കെജ്രിവാളിന്‍റെ തീരുമാനം.

എന്നാൽ വൻ ജനപങ്കാളിത്തം മൂലം റോഡ് ഷോ മണിക്കൂറുകൾ വൈകിയപ്പോൾ നിശ്ചിത സമയം കഴിഞ്ഞ് പോയതിനാൽ പത്രിക സമർപ്പിക്കാനായില്ല.എൻഎസ്‍യു മുൻ ദേശീയ അധ്യക്ഷൻ റൊമേഷ് സബർവാൾ ആണ് ന്യൂ ഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി. അതിനിടെ ബി ജെ പി രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. അരവിന്ദ് കെജ്രവാളിനെതിരെ സുനിൽ യാദവ് മത്സരിക്കും. യുവമോർച്ച ദില്ലി അധ്യക്ഷനാണ് സുനിൽ യാദവ്. 

അതേ സമയം ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി സഖ്യകക്ഷി ശിരോമണി അകാലിദള്‍ രംഗത്ത്. പൗരത്വ നിയമ ഭേദഗതിയിലെനിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ശിരോമണി അകാലിദള്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചു.
ബിജെപിയുമായി വര്‍ഷങ്ങളായുള്ള തെരഞ്ഞെടുപ്പ് സഖ്യമാണ് ശിരോമണി അകാലിദള്‍ അവസാനിപ്പിക്കുന്നത്. മുസ്ലിം അഭയാർത്ഥികൾക്ക് കൂടി പൗരത്വം നല്കണം എന്ന അകാലിദള്‍ നിലപാട് ബിജെപിയെ ചൊടിപ്പിച്ചിരുന്നു. 

നിലപാട് തിരുത്തണമെന്ന് പലകുറി ആവശ്യപ്പെട്ടിട്ടും അകാലിദള്‍ വഴങ്ങിയില്ല.അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് സഖ്യം ബുദ്ധിമുട്ടായിരിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി. നിലപാടാണ് വലുതെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശിരോമണി അകാലിദള്‍ അറിയിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കവും സഖ്യത്തില്‍ വിള്ളലുണ്ടാക്കിയെന്ന് സൂചനയുണ്ട്. താമര ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യം തള്ളി പാര്‍ട്ടി ചിഹ്നമായ ത്രാസില്‍ മത്സരിക്കുമെന്ന അകാലിദള്‍ നിലപാടും ബിജെപിയെ പ്രകോപിപ്പിച്ചെന്നാണ് വിവരം. സഖ്യം അവസാനിപ്പിച്ചതിനെ കുറിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല. 

പൗരത്വ ബില്ലിൽ അനുകൂലിച്ച് വോട്ടു ചെയ്ത ശേഷം ശിരോമണി അകാലിദൾ മലക്കം മറിഞ്ഞത് ബിജെപിയെ അമ്പരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അകാലിദള്‍ സഖ്യം നാലിടത്ത് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പിന്നീട് നടന്ന രജൗരി ഗാര്‍ഡന്‍ ഉപതെരഞ്ഞെടുപ്പില് വിജയിച്ചു. പത്ത് ലക്ഷത്തോളം സിഖ് വോട്ടുള്ള ദില്ലിയിൽ അകാലിദൾ സഖ്യം പൊളിഞ്ഞത് ബിജെപിക്ക് വെല്ലുവിളിയികാകും.