സ്വന്തം കുട്ടികളെ കാവൽക്കാർ ആക്കണമെന്നുള്ളവർക്ക് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വോട്ടു ചെയ്യാമെന്ന് കെജ്രിവാൾ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പരിഹാസവുമായി കെജ്രിവാൾ രം​ഗത്തെത്തിയത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേം ഭീ ചൗക്കിദാര്‍'(ഞാനും കാവല്‍ക്കാരന്‍) എന്ന ക്യാമ്പയിനിനെ പരിഹസിച്ച് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. സ്വന്തം കുട്ടികളെ കാവൽക്കാർ ആക്കണമെന്നുള്ളവർക്ക് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വോട്ടു ചെയ്യാമെന്ന് കെജ്രിവാൾ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പരിഹാസവുമായി കെജ്രിവാൾ രം​ഗത്തെത്തിയത്.

'രാജ്യത്തെ മുഴുവൻ പേരെയും കാവൽക്കാർ ആക്കാനാണ് മോദി ശ്രമിക്കുന്നത്. നിങ്ങളുടെ മക്കളെ കാവൽക്കാർ ആക്കണമെങ്കിൽ മോദിക്ക് വോട്ടു ചെയ്യൂ. മറിച്ച് കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകി ഡോക്ടറും എൻജിനീയറും അഭിഭാഷകനും ഒക്കെ ആക്കാനാണ് താത്പര്യമെങ്കിൽ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണം'-കെജ്രിവാൾ ട്വീറ്റ് ചെയ്തു.

'ചൗക്കിദാര്‍ ചോര്‍ ഹേ' അഥവാ 'കാവല്‍ക്കാരന്‍ കള്ള'നാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണതന്ത്രത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് മോദി 'മേം ഭീ ചൗക്കിദാര്‍' എന്ന ക്യാമ്പയിന് തുടക്കമിട്ടത്. ഇതിന്‍റെ ഭാഗമായി ട്വിറ്ററില്‍ ചൗക്കിദാര്‍ നരേന്ദ്ര മോദിയെന്ന് പേരുമാറ്റി. ശേഷം മറ്റ് നേതാക്കളും ഇത് പിന്തുടർന്നു. അഴിമതിയില്‍ നിന്നും സാമൂഹികവിരുദ്ധരില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നവര്‍ ആരായാലും അവര്‍ കാവല്‍ക്കാരാണെന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഇപ്പോള്‍ ഏറെക്കുറെ ട്വിറ്ററിലുള്ള എല്ലാ ബിജെപി നേതാക്കളുടെ പേരിന് മുന്നിലും ഈ ചൗക്കിദാര്‍ ഉണ്ട്.