ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഉത്തര്‍പ്രദേശിലെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് കേരളം. അതേസമയം എല്ലാത്തരം പൊലീസ് കേസുകളുടേയും എണ്ണമെടുത്താല്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്. 2017-ലെ കണക്കാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. 

രണ്ട് വർഷം കാലതാമസം വരുത്തിയ ശേഷമാണ് 2017-ലെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. മുൻ വ‍ർഷത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളെ 88 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 2017-ൽ യുപിയിൽ 3.10 ലക്ഷം ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പട്ടികയില്‍ മഹാരാഷ്ട്രക്കും മധ്യപ്രദേശിനും പിന്നാലെ കേരളം നാലാം സ്ഥാനത്താണുണ്ട്. 2.35 ലക്ഷം കേസുകളാണ് 2017-ല്‍ രജിസ്റ്റര്‍ ചെയ്തത്. 

ക്രിമിനല്‍ കേസുകള്‍ കൂടാതെ എല്ലാതരം നിയമലംഘനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കൂടി നോക്കിയാല്‍ 2017-ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണ്. 6.53 ലക്ഷം കേസുകളാണ് കേരളത്തിലാകെ അന്ന് രജിസ്റ്റര്‍ ചെയ്തത്. 2.35 ലക്ഷം ക്രിമിനല്‍ കേസുകള്‍ കൂടാതെ പെറ്റികേസുകളടക്കം മറ്റു പലവകുപ്പുകളിലുമായി 4.17 ലക്ഷം കേസുകളും 2017-ല്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ കണക്കില്‍ ആ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളില്‍ 13.1 ശതമാനവും കേരളത്തിലാണെന്ന് ചുരുക്കം. അതേസമയം തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തില്‍ അരലക്ഷത്തോളം കേസുകള്‍ കുറവാണെന്നതും ശ്രദ്ധേയമാണ്. 

കേസുകളുടെ എണ്ണത്തില്‍ കേരളം ഒന്നാമത് എത്തിയതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. പരാതിയുമായി എത്തുന്നവരെ കേരള പൊലീസ് ഒരിക്കലും നിരുത്സാഹപ്പെടുത്താറില്ല. പരാതികള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി എടുക്കുന്നത് വഴി ജനാധിപത്യമാര്‍ഗ്ഗത്തില്‍ എല്ലാവര്‍ക്കും നീതി നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കേരളം കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായെന്ന് ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ജനങ്ങള്‍ക്ക് നീതിയും ആത്മാര്‍ത്ഥമായ സേവനവും നല്‍കാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു - ഒരു ദേശീയമാധ്യമത്തോടായി ലോക്നാഥ് ബെഹ്റ പറഞ്ഞു. 

ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന  20 നഗരങ്ങളിൽ കൊച്ചിയും കോഴിക്കോടുമുണ്ട്. കൊച്ചിയിൽ 59,612 കേസുകളും കോഴിക്കോട് 10,618 കേസുകളും രജിസ്റ്റർ ചെയ്തു. ദില്ലിയാണ് നഗരങ്ങളുടെ പട്ടികയിൽ മുന്നിൽ 2.24 ലക്ഷം. രാജ്യത്ത് ഇടതു തീവ്രവാദവും, ജിഹാദി പ്രവര്‍ത്തനങ്ങളും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നുഴഞ്ഞു കയറ്റവും വർദ്ധിച്ചതായി   റിപ്പോർട്ടിൽ പറയുന്നു. 

രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ 30 ശതമാനം വർദ്ധിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹരിയാനയാണ് ഇതിൽ മുന്നിൽ.  യുഎപിഎ നിയമപ്രകാരം 901 കേസുകളെടുത്തിട്ടുണ്ട്. സൈബ‍ർ കുറ്റകൃത്യങ്ങളിൽ വലിയ വ‍ർധനയാണുണ്ടായത്. 21000 കേസുകളാണ് സൈബ‍ർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. 2017ൽ 51രാജ്യദ്രോഹ കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തത്. 

സ്ത്രീകൾക്കെതിരായ ലൈംഗീകാതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ആന്ധ്രാപ്രദേശിലാണ്. 988 പീഡനക്കേസുകളാണ് ആന്ധ്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം തട്ടിക്കൊണ്ടുപോകൽ കേസുകളിൽ കുറവുവന്നിട്ടുണ്ട്. 2857 തട്ടിക്കൊണ്ടുപോകൽ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ പശ്ചിമ ബംഗാളാണ് മുന്നിൽ 357.  ആൾക്കൂട്ട അക്രമങ്ങളെ സംബന്ധിച്ചും മാധ്യപ്രവ‍ർത്തകർക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ചും റിപ്പോ‍ട്ടിൽ പരാമർശമില്ല. ഈ കണക്കുകളിൽ വിശ്വാസമില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണം.