മുംബൈ: വര്‍ഗീയതക്കെതിരെ മുംബൈ കളക്ടീവ് എന്ന സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നു. ഞായറാഴ്ച മുംബൈ നരിമാന്‍ പോയിന്‍റിലെ വൈ ബി ചവാന്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിച്ച പിണറായി വിജയന് നന്ദിയുണ്ടെന്നും അദ്ദേഹത്തെ മുംബൈ നഗരം സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിര്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. സിഎഎയും എന്‍ആര്‍സിയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാറാണ് കേരളത്തിലേത്. ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ക്കെതിരെയുള്ള കേരളത്തിന്‍റെ രാഷ്ട്രീയ നിലപാട് ആയിരക്കണക്കിനാളുകള്‍ക്ക് പ്രചോദനമാണ്. സിഎഎ, എന്‍ആര്‍സി വിരുദ്ധ പോരാട്ടത്തിന് കേരളമാണ് മുന്നില്‍ നിന്ന് നയിക്കുന്നത്. ജനജീവിത നിലവാരത്തിലും കേരളം രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പിണറായി വിജയന്‍ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ വിവിധങ്ങളായ ഭാഗത്ത് പൊട്ടിപ്പുറപ്പെട്ട സമരത്തെ എങ്ങനെ ഒരുകുടക്കീഴിലാക്കി സുസ്ഥിരവും ജനാധിപത്യവും രാഷ്ട്രീയവുമായ നടപടികളിലേക്ക് പോകാമെന്നും അദ്ദേഹം പ്രസംഗിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടക്കത്തില്‍ തന്നെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ്. ബോളിവുഡ് താരങ്ങളും മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും കലാകാരന്മാരും മുംബൈ കളക്ടീവിന്‍റെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. 2016ലാണ് ഒരുകൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുംബൈ കളക്ടീവ് രൂപീകൃതമായത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യമായാണ് പിണറായി വിജയന്‍ സംസ്ഥാനത്തിന് പുറത്ത് സംസാരിക്കാന്‍ പോകുന്നത്.

സിഎഎ, എന്‍ആര്‍സി എന്നിവക്കെതിരെ തുടക്കം മുതല്‍ ശക്തമായ എതിര്‍പ്പാണ് കേരള സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. സിഎഎക്കെതിരെ സംസ്ഥാന നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കുകയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ രണ്ട് കാര്യങ്ങളും ചെയ്യുന്ന  രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഭരണപക്ഷവും പ്രതിപക്ഷവും ഒരേവേദിയില്‍ സമരത്തിനെത്തിയതും എല്‍ഡിഎഫ് 620 കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യശൃംഖല സൃഷ്ടിച്ചതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.