ദില്ലി: ജാമിയ മിലിയ, അലിഗഢ് മുസ്ലിം സർവ്വകലാശാലകളിലുണ്ടായ സംഘർഷത്തെ തുടർന്ന് ഹോസ്റ്റലുകൾ അടച്ചതോടെ പെരുവഴിയിലായ വിദ്യാർത്ഥികൾക്ക് താമസമൊരുക്കി കേരള ഹൗസ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ. എഴുപതിലേറെ മലയാളി വിദ്യാർത്ഥികളാണ് കേരള ഹൗസിൽ മാത്രം താമസിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമാണ് ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല. പൊലീസ് അനുവാദമില്ലാതെ ക്യാംപസിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ച അന്ന് രാത്രി പ്രക്ഷോഭം അലിഗഢ് മുസ്ലിം സർവ്വകലാശാലയിലുമെത്തി. 

സംഘർഷത്തെ തുടർന്ന് ഇരു സർവ്വകലാശാലകളും ഹോസ്റ്റലുകളും അടച്ചതോടെ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് പെരുവഴിയിലായത്. ഇവർക്ക് നാട്ടിലേക്ക് പോകും വരെ താമസമൊരുക്കാൻ കേരള ഹൗസ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ തയ്യാറായത് വലിയ ആശ്വാസമായി.

ഹോസ്റ്റലുകൾ ഒഴിയാൻ മതിയായ സമയം നൽകിയില്ലെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വലിയ ദുരിതത്തിലാണെന്നും വിദ്യാർത്ഥികൾ പറയുന്നു. കേരള ഹൗസിലുള്ള വിദ്യാർത്ഥികളെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സന്ദർശിച്ചു. വിദ്യാർത്ഥികൾ ഇന്നും നാളെയുമായി മടങ്ങും.