ദില്ലി: രാജസ്ഥാനിലെ ജയ്പൂരിൽ ലോക്ഡൗൺ മൂലം ദുരിതത്തിലായി 25 മലയാളി വിദ്യാർത്ഥിനികൾ. ഹോസ്റ്റലുകൾ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ ആക്കി മാറ്റാൻ നിർദ്ദേശം കിട്ടിയതോടെയാണ് ഈ വിദ്യാർത്ഥിനികൾ പെരുവഴിയിലായത്. 

ജയ്പൂരിലെ ജഗത്പൂരിലാണ് വിദ്യാർത്ഥിനികൾ ദുരിതത്തിലായിരിക്കുന്നത്. ഇവരിൽ ആസ്ത്മ രോ​ഗമുള്ള വിദ്യാർത്ഥിനി മരുന്ന് പോലും കിട്ടാതെ ബുദ്ധിമുട്ടുകയാണ്. സുരേഷ് ​ഗ്യാൻ വിഹാർ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണിവർ. തങ്ങളെ എങ്ങനെയും നാട്ടിലെത്തിക്കണമെന്നാണ് അധികൃതരോടുള്ള ഇവരുടെ അപേക്ഷ. 

ലോക്ക്ഡൗൺ മൂലം ദില്ലിയിൽ മലയാളി നഴ്സുമാരും  കുടുങ്ങിക്കിടക്കുന്നുന്നുണ്ട്. മൂന്നു ​ഗർഭിണികൾ ഉൾപ്പടെ ഇരുപതോളം മലയാളികളാണ് പട്പട്​ഗഞ്ചിലെ ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുന്നത്.

നിലവിൽ ഇവർക്കാർക്കും ജോലി ഇല്ല. നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ലോക്ക്ഡൗൺ വന്നത്. നാട്ടിൽ നിന്നും വീട്ടുകാർ അയച്ചു നൽകുന്ന പണം മാത്രമാണ് ഇവർക്കിപ്പോൾ ആശ്രയം. നോർക്കയിൽ സഹായത്തിനായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും നഴ്സുമാർ പറയുന്നു. 

അതിനിടെ, അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരൻ ആരോപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ എന്ന് നാട്ടിലെത്തിക്കുമെന്ന് സർക്കാർ വ്യക്തമാക്കണം.സംസ്ഥാന  സർക്കാരിന് ഇതിന് കഴിഞ്ഞില്ലെങ്കിൽ ഇവരെ നാട്ടിലെത്തിക്കാൻ കോൺ​ഗ്രസ് തയ്യാറാണ്. മുഖ്യമന്ത്രി അനുമതി നൽകുകയേ വേണ്ടൂ എന്നും കെ.മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.

Read Also: സര്‍ക്കാര്‍ ഹെലികോപ്ടറിന്റെ ആദ്യ ദൗത്യം; ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്...