ഇതിനോടകം സി എ ജി റിപ്പോര്‍ട്ട് സമർപ്പിച്ച സംസ്ഥാനങ്ങള്‍ക്കെല്ലാം  നഷ്ട പരിഹാര കുടിശ്ശിക പൂര്‍ണമായും നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ പറഞ്ഞു

ദില്ലി: കംപ്ട്രോളർ ആൻറ് ഓഡിറ്റ് ജനറലിന്‍റെ റിപ്പോര്‍ട്ട് കേരളം സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാർലമെന്‍റില്‍ വ്യക്തമാക്കി. സംസ്ഥാനം സിഎജി റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് നല്‍കേണ്ട പണം സംസ്ഥാനത്തിന് നൽകുമെന്നും കേന്ദ്രം പറഞ്ഞു. 2017-18 സാമ്പത്തിക വർഷം മുതല്‍ 2021-22 സാമ്പത്തിക വർഷം വരെയുള്ള സിഎജി റിപ്പോർട്ടാണ് കേരളം കേന്ദ്ര ധനമന്ത്രാലയത്തിൽ സമർപ്പിക്കാത്തത്. ഇതിനോടകം സി എ ജി റിപ്പോര്‍ട്ട് സമർപ്പിച്ച സംസ്ഥാനങ്ങള്‍ക്കെല്ലാം നഷ്ട പരിഹാര കുടിശ്ശിക പൂര്‍ണമായും നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. നേരത്തെ 780 കോടിയാണ് കേരളത്തിന് കുടിശ്ശികയായി ലഭിച്ചത്. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 16,982 കോടിയും ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയ ആറ് സംസ്ഥാനങ്ങള്‍ക്ക് 16,524 കോടി അധികമായും ധനമന്ത്രാലയം നല്‍കിയിരുന്നു. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് രാജ്യസഭയിൽ എംപി ജെബി മേത്തറിന്റെ ചോദ്യത്തിന് ഈ മറുപടി നൽകിയത്.