ബെംഗളൂരു: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് ഇനി പ്രത്യേക പാസ് ആവശ്യമില്ല. കർണാടക ഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന ഈ പാസ് ഉപയോഗിച്ച് ഇവർക്ക് കേരള അതിർത്തി വരെ യാത്രാ ചെയ്യാമെന്നാണ് കർണാടക പൊലീസ് അറിയിക്കുന്നത്. 

അതേസമയം കർണാടകത്തിൽ നിന്നും നേരിട്ട് കേരളത്തിലേക്ക് പോകുന്നവർക്ക് മാത്രമാണ് ഈ നി‍ർദേശം ബാധകമെന്നും ഡിജിപി അറിയിച്ചു. തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് വയനാട് ചെക്ക് പോസ്റ്റായ മുത്തങ്ങയിലേക്ക് പോകുന്നവർ മൈസൂർ വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും പകരം കനകപുര റോഡ് -ഗുണ്ടൽപേട്ട് വഴി പോകണമെന്നും കർണാടക ഡിജിപി നിർദേശിച്ചിട്ടുണ്ട്. 

ലോക്ക് ഡൗൺ മൂലം രാജ്യത്തേറ്റവും കൂടുതൽ മലയാളികൾ കുടുങ്ങി കിടക്കുന്ന കർണാടകയിലാണ്. മുപ്പത്തിനായിരത്തിലേറെ മലയാളികൾ നാട്ടിലേക്ക് വരാനായി കർണാടകയിൽ നിന്നും നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ രജിസ്ട്രർ ചെയ്തിരുന്നു. എന്നാൽ സംസ്ഥാനം വിട്ട് യാത്ര ചെയ്യാനുള്ള അനുമതി കർണാടക സർക്കാർ നൽകുന്നതുമായി ബന്ധപ്പെട്ട് നിലനിന്ന ആശയക്കുഴപ്പം കാരണം ഇവരിൽ ഭൂരിപക്ഷം പേർക്കും കേരളത്തിലേക്ക് വരാൻ സാധിച്ചില്ല.