ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും ആദ്യമായി കുറ്റകൃത്യങ്ങളിൽപ്പെടുന്നവരെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് ഈ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്.
ദില്ലി: ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യാനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്. അടുത്തിടെ അറസ്റ്റിലായ ഒരു ഭീകരവാദ ഏജന്‍റിനെ ചോദ്യം ചെയ്തപ്പോഴാണ് ജയിലുകൾ കേന്ദ്രീകരിച്ചു നടക്കുന്ന വൻ റിക്രൂട്ട്‌മെന്‍റ് ശൃംഖലയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.
പട്യാല ജയിലിൽ തടവിൽ കഴിയുന്ന സമയത്താണ് തനിക്ക് ഖലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂന്‍റെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ലഭിച്ചതെന്നും ആ സമയത്താണ് സംഘടനയിലേക്ക് ആകൃഷ്ടനായതെന്നും അറസ്റ്റിലായ പ്രീത്പാൽ സിംഗ് വെളിപ്പെടുത്തി. ഡൽഹിയിലും പഞ്ചാബിലും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ നടത്തുകയും അതിന്‍റെ ദൃശ്യങ്ങൾ പന്നൂന് അയച്ചുകൊടുക്കുകയും ചെയ്ത കേസിൽ പിടിയിലായ ആളാണ് പ്രീത്പാൽ സിംഗ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും ആദ്യമായി കുറ്റകൃത്യങ്ങളിൽപ്പെട്ട് ജയിലിലെത്തുന്നവരെയും ലക്ഷ്യമിട്ടാണ് ഭീകര സംഘടനകൾ റിക്രൂട്ട്‌മെന്‍റ് നടത്തുന്നത്.
ഇത്തരം ഏജന്‍റുകൾക്ക് പണവും ആയുധങ്ങളും എത്തിച്ചുനൽകാൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ "ഡെഡ്-ഡ്രോപ്പ്" രീതിയാണ് ഭീകരർ ഉപയോഗിക്കുന്നത്. ആരും കാണാത്ത വിജനമായ ഹൈവേകളിലോ അതിർത്തി ഗ്രാമങ്ങളിലോ രഹസ്യ കേന്ദ്രങ്ങളിൽ പണവും ഡ്രോൺ വഴി എത്തുന്ന ആയുധങ്ങളും ഒളിപ്പിച്ചുവെച്ച ശേഷം സിഗ്നൽ പോലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആപ്പുകൾ വഴി ഇതിന്‍റെ ലൊക്കേഷൻ ഏജന്‍റുമാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. ജയിൽ കേന്ദ്രീകരിച്ചുള്ള ഭീകര ശൃംഖലകളെയും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളെയും കുറിച്ച് അന്വേഷണ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

