ഭോപ്പാല്‍: അമിത മദ്യാപനമാണ് നിരവധി രാജാക്കന്‍മാര്‍ക്ക് രാജ്യം നഷ്ടപ്പെടാന്‍ കാരണമായതെന്നും ഒരിക്കലും മദ്യം കൈകൊണ്ട് തൊടരുതെന്നും ശിശുദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശം നല്‍കി കോണ്‍ഗ്രസ് എംഎല്‍എ. മധ്യപ്രദേശിലെ സബല്‍ഗര്‍ഹ് എംഎല്‍എയായ ബയിജ്നാത് കുഷ്‍വാലയാണ് സ്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളോട് രാജാക്കന്‍മാരുടെ മദ്യാസക്തിയെക്കുറിച്ച് സംസാരിച്ചത്. പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രാജ്യത്തെ മഹത് വ്യക്തിത്വങ്ങളെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി.

ശിശുദിനത്തോടനുബന്ധിച്ച് ഒരു സ്വകാര്യ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു കുഷ്‍വാല. ദില്ലി രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്‍, മഹോബ രാജാവ് പരിമാള്‍, കന്നൗജിലെ രാജാവായിരുന്ന ജയ്ചന്ദ് എന്നിവര്‍ മഹാന്മാരായ രാജാക്കന്‍മാരായിരുന്നെന്നും എന്നാല്‍ അമിത മദ്യപാനം മൂലം ഇപ്പോള്‍ അവരുടെ കോട്ടകളും കൊട്ടരാങ്ങളും വവ്വാലുകളുടെ വാസസ്ഥലമായെന്നും അവരുടെ പേരുകള്‍ വാഴ്ത്താന്‍ ആരും തന്നെ അവശേഷിക്കുന്നില്ലെന്നും കുഷ്‍വാല പറഞ്ഞു. അതുകൊണ്ട് മദ്യം ഒരിക്കലും കൈകൊണ്ട് പോലും തൊടുതെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉപേദശിച്ചു.

എന്നാല്‍ പ്രസ്താവന വിവാദമായതോടെ കുഷ്‍വാല മാപ്പു പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കാനാണ് പ്രസംഗത്തിലൂടെ ഉദ്ദേശിച്ചതെന്നും ഏതെങ്കിലും വ്യക്തികളെയോ ജാതിയെയോ മതത്തെയോ അപമാനിക്കാന്‍ താന്‍ ലക്ഷ്യമിട്ടിട്ടില്ലായിരുന്നെന്നും കുഷ്‍വാല പറഞ്ഞു. തന്‍റെ പ്രസ്താവന ആരുടെയെങ്കിലും വികാരങ്ങളെ വൃണപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'പ്രസംഗത്തിലൂടെ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വെച്ച് കുഷ്‍വാല മഹത് വ്യക്തികളെ അപമാനിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്‍റെ മാപ്പു പറച്ചില്‍ കാര്യമായെടുക്കുന്നില്ല. സ്കൂളില്‍ പോയി വിദ്യാര്‍ത്ഥികളോട് മാപ്പു പറയുകയാണ് കുഷ്‍വാല ചെയ്യേണ്ടത്'- ബിജെപി വക്താവ് രജ്നീഷ് അഗര്‍വാള്‍ പറഞ്ഞു. നെഹ്റുവിന്‍റെയും ഗാന്ധിയുടെയും കുടുംബത്തിന് മാത്രമെ കോണ്‍ഗ്രസ് പരിഗണന നല്‍കാറുള്ളെന്നും മഹാന്‍മാരോട് കോണ്‍ഗ്രസ് പുലര്‍ത്തുന്ന മനോഭാവമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും കുഷ്‍വാലക്കെതിരെ നടപടിയെടുക്കണമെന്നും അഗര്‍വാള്‍ ആവശ്യപ്പെട്ടു.