പട്യാല: സര്‍ക്കാര്‍ വിലക്ക് മറികടന്ന് രാഹുല്‍ഗാന്ധി നയിക്കുന്ന കര്‍ഷക രക്ഷ യാത്ര ഇന്ന് ഹരിയാനയിലേക്ക്  കടക്കും. പഞ്ചാബ് പട്യാലയില്‍ നടക്കുന്ന പൊതു റാലിക്കും വാര്‍ത്ത സമ്മേളനത്തിനും ശേഷം രണ്ട് മണിയോടെ ട്രാക്ടറില്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ പെഹോവയില്‍ രാഹുലെത്തും. 

മൂന്നരക്ക് പൊതു റാലിയെ അഭിസംബോധന ചെയ്യുന്ന രാഹുല്‍ഗാന്ധി പിന്നീട് വിവിധ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. ഏഴ് മണിയോടെ കുരുക്ഷേത്രയില്‍ നിന്ന് റോഡ് മാര്‍ഗം ദില്ലിക്ക് തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേ സമയം റാലിക്ക് അനുമതി നല്‍കില്ലെന്നാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്‍റെ നിലപാട്.  

ക്രമസമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം മനോഹര്‍ലാല്‍ ഖട്ടാര്‍ വ്യക്തമാക്കിയിരുന്നു.  പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ വന്‍ പോലീസ് സന്നാഹത്തെ  വിന്യസിക്കും. ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ കടന്ന് കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചാല്‍ അത് വലിയ രാഷ്ട്രീയ വിജയമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.