ദില്ലി: മാധ്യമ വിചാരണക്കെതിരെ സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. കോടതി കേസുകൾ പരിഗണിക്കുമ്പോൾ ആ വിഷയത്തെക്കുറിച്ചുള്ള ലേഖനങ്ങൾ വരുന്നവെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഒരു ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ചാനൽ കുറ്റാരോപിത വ്യക്തിയെ അപകീർത്തിപ്പെടുത്തുന്ന സംഭാഷണങ്ങൾ സംപ്രേഷണം ചെയ്തതും, റഫാൽ പരിഗണിക്കുന്ന ദിവസം രേഖകളടക്കം പത്രത്തിൽ വന്നതും കെ കെ വേണുഗോപാൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഷൈലോക്കിന്റെ കേസ് പരിഗണിക്കുമ്പോൾ അതിനെക്കുറിച്ച് മാധ്യമങ്ങൾ സംസാരിക്കരുതെന്നാണോ ഉദ്ദേശിച്ചതെന്ന് ഇതിന് രാജീവ് ധവാൻ മറുവാദം ഉന്നയിച്ചു. കോടതി മുമ്പാകെ ഇരിക്കുന്ന വിഷയങ്ങളിൽ അച്ചടി, ദൃശ്യ മാധ്യമങ്ങൾ നിയന്ത്രണമില്ലാതെ അഭിപ്രായ പ്രകടനം നടത്തുന്നത് പൊതു ബോധത്തെയും ന്യായാധിപൻമാരെയും സ്വാധീനിക്കുമെന്നും ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമായിരുന്നു വേണുഗോപാലിന്റെ വാദം. 

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ  കേസ് പരിഗണിക്കവേയായിരുന്നു ഈ വാദപ്രതിവാദങ്ങൾ.