പ്രമുഖ വാച്ച് ബ്രാൻഡ് ആയ കാർട്ടിയറിന്‍റെ റോസ് ഗോൾഡ് നിറത്തിലുള്ള ലക്ഷ്വറി വാച്ചാണ് സിദ്ധരാമയ്യയുടെ കൈവശമുള്ളത്. സാന്റോസ് ഡി കാർട്ടിയർ സാന്റോസ് ശേഖരത്തിലെ ഏറ്റവും വില കൂടി വാച്ചുകളിലൊന്നാണ് ഇത്.

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ധരിക്കുന്ന വാച്ചിനെച്ചൊല്ലി പുതിയ വിവാദം. സിദ്ധരാമയ്യ 43 ലക്ഷം രൂപ വിലയുള്ള വാച്ചാണ് ധരിക്കുന്നതെന്നാണ് ബിജെപിയുടെ വിമർശനം. കഴിഞ്ഞദിവസം സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലെത്തിയപ്പോൾ ധരിച്ച വാച്ച് ചൂണ്ടിക്കാട്ടിയാണ് വിമർശനം. സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന സിദ്ധരാമയ്യക്ക് അത്യാഡംബര വാച്ച് കെട്ടുന്നതിൽ കുഴപ്പമില്ലെന്നും ബിജെപി പരിഹസിക്കുന്നു. ഡി കെ ശിവകുമാറും ഇതേ ബ്രാൻഡ് വാച്ചാണ് ധരിച്ചിരിക്കുന്നതെന്ന് പുറത്ത് വന്ന ചിത്രങ്ങളിൽ വ്യക്തമാണ്.

പ്രമുഖ വാച്ച് ബ്രാൻഡ് ആയ കാർട്ടിയറിന്‍റെ റോസ് ഗോൾഡ് നിറത്തിലുള്ള ലക്ഷ്വറി വാച്ചാണ് സിദ്ധരാമയ്യയുടെ കൈവശമുള്ളത്. സാന്റോസ് ഡി കാർട്ടിയർ സാന്റോസ് ശേഖരത്തിലെ ഏറ്റവും വില കൂടി വാച്ചുകളിലൊന്നാണ് ഇത്. പൂർണ്ണമായും 18 കാരറ്റ് റോസ് ഗോൾഡിൽ നിർമ്മിച്ച ഡയലും, ബ്രേസ്‌ലെറ്റുമാണ് വാച്ചിന്‍റെ ആക‍ർഷണം. സെൽഫ്-വൈൻഡിംഗ് മെക്കാനിക്കൽ മൂവ്‌മെന്‍റ് ആണ് വാച്ചിന്. 1904 ലെ യഥാർത്ഥ സാന്റോസ് ഡിസൈനിന്റെ വ്യാവസായിക സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്ന എക്സ്പോസ്ഡ് സ്ക്രൂകൾ അടങ്ങിയതാണ് വാച്ചിന്‍റെ ചെയിൻ. നീല നിറത്തിലുള്ള ക്രൗണും വാച്ചിന്‍റെ ആകർഷക ഘടകമാണ്.

താൻ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് വാച്ച് വാങ്ങിയതെന്നാണ് വിമ‍ർശനങ്ങളോട് ഡി കെ ശിവകുമാർ പ്രതികരിച്ചത്. ഓസ്ട്രേലിയ സന്ദർശനത്തിനിടെയാണ് ഈ വാച്ച് വാങ്ങിയത്. 24 ലക്ഷം രൂപ യാണ് വില. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പേയ്മെന്‍റ് നടത്തിയത്. ഇതിന് രേഖകളുണ്ട്. ഇക്കാര്യം പരിശോധിക്കാമെന്നും ശിവകുമാർ പറയുന്നു. സിദ്ധരമായക്കും വാച്ച് വാങ്ങി ധരിക്കാനുള്ള അവകാശമുണ്ട്. മകനോ ഭാര്യയോ സമ്മാനമായി നൽകിയതാകാം അത്. ആ വാച്ചിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ശിവകുമാർ പറഞ്ഞു.

നേരത്തേയും ആഡംബര വാച്ചിനെ ചൊല്ലി സിദ്ദരാമയക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. 2016-ൽ സിദ്ധരാമയ്യ 70 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് ധരിക്കുന്നതെന്ന് ബിജെപി പ്രചാരണം നടത്തി. പിന്നാലെ ആ വാച്ച് തനിക്ക് ഒരു സുഹൃത്ത് സമ്മാനമായി തന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു. പിന്നാലെ ആ വാച്ച് സർക്കാർ സ്വത്തായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ വാച്ച് ധരിച്ചിരിക്കുന്ന ചിത്രവും ഇപ്പോഴത്തെ ചിത്രവും എക്സിൽ പങ്കിട്ട ബിജെപി സിദ്ധരാമയ്യ വ്യാജ സോഷ്യലിസ്റ്റാണെന്ന് പരഹിസിക്കുന്നു. ഈ പ്രചാരണത്തെ ചെറുക്കാൻ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി ലക്ഷങ്ങളുടെ കോട്ടും സ്യൂട്ടും കണ്ണടയും ധരിക്കുന്നത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.