ഓണത്തോടനുബന്ധിപ്പിച്ച് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന് നിവേദനം നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ദില്ലി: ഓണത്തോടനുബന്ധിപ്പിച്ച് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കണമെന്നും അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിനെ നേരിട്ട് കണ്ട് നിവേദനം നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്ന മലയാളികൾക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതും സീറ്റുകളുടെ ലഭ്യത കുറയുന്നതും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ യാത്രാദുരിതം കൂടുതൽ ഗുരുതരമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള അധികവും പ്രത്യേകവുമായ സർവീസുകൾ ഓണക്കാലത്ത് അനുവദിക്കണമെന്ന് എംപി നിവേദനത്തിൽ ആവശ്യപ്പെട്ടു. ഉയർന്ന ആവശ്യകതയുള്ള റൂട്ടുകളിൽ അധിക ഫ്രീക്വൻസികളും ആവശ്യമായ സ്ലോട്ടുകളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. വിഷയം അടിയന്തരമായി ലോക്സഭയിൽ ഉന്നയിക്കുന്നതിനായി ശൂന്യവേളയിൽ നോട്ടീസും നൽകിയതായും എംപി അറിയിച്ചു.
ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകളും വർധിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഓണക്കാലത്തെ യാത്രാ ആവശ്യകത മുതലെടുത്ത് അന്യായമായി വിമാനക്കൂലി വർധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഡിജിസിഎ നിരക്കുകളും സീറ്റ് ലഭ്യതയും കർശനമായി നിരീക്ഷിക്കുകയും ആവശ്യമായ ഇടപെടൽ നടത്തുകയും വേണം. ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലെത്തുന്ന പ്രവാസികളെയും സാധാരണക്കാരെയും അമിത വിമാനക്കൂലി മൂലം ബുദ്ധിമുട്ടിലാക്കരുത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് കേരളത്തിലേക്കുള്ള, പ്രത്യേകിച്ച് ഗൾഫ് – കേരള സെക്ടറുകളിലെ വിമാന സർവീസുകൾ വർധിപ്പിക്കുകയും അമിത വിമാനക്കൂലി നിയന്ത്രിക്കുകയും ചെയ്യണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.


