ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം, അറസ്റ്റിലായ യുവാവിനെതിരെ ഗുരുതര ആരോപണവുമായി അയൽവാസികൾ
ശനിയാഴ്ചയാണ് സന്നദ്ധ സേനാംഗമായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്
കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ട്രെയിനി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ സഞ്ജയ് റോയ് നാല് തവണ വിവാഹം ചെയ്തതായി റിപ്പോർട്ട്. ഇയാളുടെ പെരുമാറ്റത്തിലെ അസ്വഭാവികതകൾ മൂലം മൂന്ന് ഭാര്യമാർ ഇയാളെ ഉപേക്ഷിച്ച് പോയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്. ഇയാളുടെ അയൽവാസികളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. നാലാമത്തെ ഭാര്യ കഴിഞ്ഞ വർഷം ക്യാൻസർ ബാധിച്ച് മരിച്ചിരുന്നു. അടുത്തിടെയായി മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ വളരെ വൈകിയാണ് ഇയാൾ വീട്ടിലെത്തിയിരുന്നതെന്നുമാണ് അയൽവാസികൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.
എന്നാൽ അയൽവാസികളുടെ ആരോപണം ഇയാളുടെ അമ്മ മാലതി റോയി നിഷേധിച്ചു. പൊലീസ് സമ്മർദ്ദത്താലാണ് മകൻ കുറ്റം സമ്മതിച്ചതെന്നാണ് മാലതി റോയ് ആരോപിക്കുന്നത്. ശനിയാഴ്ചയാണ് സന്നദ്ധ സേനാംഗമായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഡോക്ടർമാരേയും ശുചീകരണതൊഴിലാളികളേയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
വെള്ളിയാഴ്ചയാണ് 31 വയസുകാരിയായ ട്രെയിനി ഡോക്ടറുടെ മൃതദേഹം അർധനഗ്നമായ അവസ്ഥയിൽ ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സാമൂഹ്യ സന്നദ്ധ സേനാംഗമാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. ക്രൂരമായ പീഡനത്തിനിരയായാണ് രണ്ടാം വർഷ പി ജി വിദ്യാർത്ഥിനി കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്. ബലാത്സംഗം, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് സഞ്ജയ് റോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം സംഭവത്തിൽ ജൂനിയർ ഡോക്ടർമാരുടെ സമരം പശ്ചിമ ബംഗാളിൽ വ്യാപകമായിട്ടുണ്ട്.
ജൂനിയർ ഡോക്ടർമാരുടെ സമരം മൂന്ന് ദിവസം പിന്നിട്ടതിന് പിന്നാലെ ആർ ജി കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ പ്രിൻസിപ്പൽ രാജിവച്ചു. ഡോ സന്ദീപ് ഘോഷാണ് രാജി വച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ട്രെയിനി വിദ്യാർത്ഥിനി തനിക്ക് മകളേപ്പോലെയാണെന്നാണ് ഡോ സന്ദീപ് ഘോഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം