16-ാം നൂറ്റാണ്ടിൽ ശ്രീമന്ത ശങ്കരദേവ നിർമ്മിച്ച 'വൃന്ദാവനി വസ്ത്രം' എന്ന പട്ടുതുണി 2027 ൽ അസമിൽ പ്രദർശിപ്പിക്കും. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയമാണ് വസ്ത്രം വായ്പയായി നൽകുന്നത്. പ്രദർശനത്തിനായി അത്യാധുനിക മ്യൂസിയം നിർമ്മിക്കും.
ഗുവാഹത്തി: 16-ാം നൂറ്റാണ്ടിൽ വൈഷ്ണവ സന്യാസി ശ്രീ ശങ്കരൻ നിർമ്മിച്ച 'വൃന്ദാവനി വസ്ത്ര' എന്ന പട്ടുതുണി 2027 ൽ അസമിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയമാണ് വൃന്ദാവനി വസ്ത്രം വായ്പ നൽകാൻ സമ്മതിച്ചത്. 18 മാസത്തേക്കാണ് പ്രദർശനമുണ്ടാകുക. അതേ സമയം, 'വൃന്ദാവൻ വസ്ത്രം' പ്രദർശിപ്പിക്കുന്നതിന് ബ്രിട്ടീഷ് മ്യൂസിയം ഒരു അത്യാധുനിക മ്യൂസിയം ഉൾപ്പെടെയുള്ള ചില നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾക്ക് കാണാൻ കഴിയുന്ന തരത്തിൽ വൃന്ദാവനി വസ്ത്രം പ്രദർശിപ്പിക്കാൻ അനുമതി തേടി വളരെക്കാലമായി ശ്രമിച്ചുവരികയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു മ്യൂസിയം ഉണ്ടെങ്കിൽ പ്രദർശനത്തിനായി നൽകാമെന്ന് ബ്രിട്ടീഷ് മ്യൂസിയം സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഓഫ് കമ്പനീസ് അതിന്റെ സിഎസ്ആർ സംരംഭത്തിന്റെ ഭാഗമായി ഇതിനായി ഒരു മ്യൂസിയം സ്ഥാപിക്കാനും അസമിന് സമ്മാനമായി നൽകാനും മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനായി സർക്കാർ ഗ്രൂപ്പിന് ഭൂമി അനുവദിച്ചു കഴിഞ്ഞു. വളരെക്കാലത്തിനുശേഷം, വൃന്ദാവനി വസ്ത്രം സംസ്ഥാനത്തേക്ക് കൊണ്ടുവരിക എന്ന ഞങ്ങളുടെ പ്രിയപ്പെട്ട സ്വപ്നത്തിലേക്ക് ഞങ്ങൾ നീങ്ങുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
നേരത്തെ ബ്രിട്ടീഷ് മ്യൂസിയത്തിലെ ഉദ്യോഗസ്ഥർ സംസ്ഥാനത്തെ നിലവിലുള്ള മ്യൂസിയങ്ങൾ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതൊന്നും പ്രദർശനത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു. സോവറിൻ ഗ്യാരണ്ടിക്കായി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീ ശങ്കരദേവന്റെ മാർഗനിർദേശപ്രകാരം, കോച്ച് രാജാവ് നര നാരായണന്റെ കാലത്ത്, ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതത്തിലെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതാണ് വൃന്ദാവനി വസ്ത്രം. അദ്ദേഹം എഴുതിയ കവിതയുടെ ഒരു ഭാഗവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പതര മീറ്റർ നീളമാണ് വൃന്ദാവൻ വസ്ത്രക്കുള്ളത്. നിരവധി സിൽക്ക് ഡ്രേപ്പുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തിൽ 15 വ്യത്യസ്ത കഷണങ്ങളായിരുന്ന വൃന്ദാവനി വസ്ത്ര പിൽക്കാലത്ത് കൂട്ടി യോജിപ്പിക്കുകയായിരുന്നു. വിവിധ കലാ പാരമ്പര്യങ്ങളിൽ അധിഷ്ഠിതമായി നിർമിച്ച ഈ തുണിത്തരങ്ങൾ അസമീസ് നെയ്ത്തിന്റെ പ്രൗഡഗംഭീരമായ തെളിവായി കണക്കാക്കപ്പെടുന്നു. 1904-ൽ ബ്രിട്ടീഷ് മ്യൂസിയം ഏറ്റെടുക്കുന്നതിന് മുമ്പ് അസമിൽ നിന്ന് ടിബറ്റിലേക്കാണ് ഇത് മാറ്റിയിരുന്നത്.
