ബെംഗളൂരു:  ആടിയുലഞ്ഞ 13 മാസത്തിനൊടുവിലാണ് കർണാടകത്തിലെ സഖ്യസർക്കാറിന്‍റെ പതനം. അർധരാത്രിയിലെ നിയമപോരാട്ടത്തിൽ തുടങ്ങിയ  കര്‍നാടകത്തിൽ നിരന്തരം വഴിത്തിരിവുകളായിരുന്നു. നിരന്തര സമ്മര്‍ദ്ദത്തേയും പ്രതിസന്ധികളേയും നേരിട്ട് സര്‍ക്കാരിനെ പിടിച്ചു നിര്‍ത്തിയ കോണ്‍ഗ്രസിനും ജെഡിഎസിനും ഈ സര്‍ക്കാര്‍ നഷ്ടം മാത്രമാണ് സമ്മാനിച്ചത്. 

ബിഎസ് യെദ്യൂരപ്പയുടെ വീഴ്ച കണ്ട നാടകത്തിനു ഒടുവിലാണ് കോൺഗ്രസിന്റെ ത്യാഗം വഴി കിട്ടിയ മുഖ്യമന്ത്രി കസേരയിൽ കുമാരസ്വാമി ഇരുന്നത്. ഇപ്പോൾ മറ്റൊരു നാടകത്തിന്റെ ക്ലൈമാക്സിൽ കുമാരസ്വാമി വീഴുന്നു. യെദ്യൂരപ്പ ചിരിക്കുന്നു.

2018 ലെ ആദ്യ നാടകം സംഭവ ബഹുലമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആർക്കും ഭൂരിപക്ഷം ഇല്ല. ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ​ഗോവയിലും മണിപ്പൂരിലും ഭൂരിപക്ഷമില്ലാത്ത ബിജെപിയെ അധികാരത്തിലെത്തിച്ച അമിത് ഷാ പിന്നിൽ നിൽക്കുമ്പോൾ യെദിയൂരപ്പ തന്നെയാവും മുഖ്യമന്ത്രി എന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാൽ ഇക്കുറി കോൺഗ്രസ്‌ അപ്രതീക്ഷിത തന്ത്രമിറക്കി. ബദ്ധവൈരികളായ ജെഡിഎസുമായി രാത്രിക്ക് രാത്രി കോൺ​ഗ്രസ് സഖ്യമുണ്ടാക്കി. ഇതോടെ 224 അം​ഗ നിയമസഭയിൽ കോൺ​ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 120 അം​ഗങ്ങളായി. 

എന്നാൽ അവിടെയും നാടകങ്ങൾ കഴിഞ്ഞില്ല. രാജ്ഭവനിലായിരുന്നു ബാക്കി ഭാ​ഗം. കർണാടക ഗവർണർ വാജുഭായ് വാല സർക്കാരുണ്ടാക്കാൻ വിളിച്ചത് യെദിയൂരപ്പയെ ആണ്. അതോടെ മെയ്‌ 16 അർധരാത്രി കോൺഗ്രസ്‌ സുപ്രീം  കോടതിയിലെത്തി. ഹർജി പരി​ഗണിച്ച സുപ്രീംകോടതി സത്യപ്രതിഞ്ജ തടഞ്ഞില്ല.എന്നാൽ ഒരു ദിവസത്തിനകം വിശ്വാസവോട്ട് തെളിയിക്കാൻ യെദിയൂരപ്പയോട് നിർ​ദേശിച്ചു. മെയ്‌ 19ന്  വിശ്വാസവോട്ടെടുപ്പിന് നിൽക്കാതെ യെദിയൂരപ്പ രാജിവച്ചു. കോൺ​ഗ്രസ് പിന്തുണയോടെ കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു. 

വിധാൻ സൗധയുടെ പടിയിൽ കണ്ട കുമാരസ്വാമിയുടെ കീരിടധാരണരംഗം പക്ഷേ ക്ലൈമാക്സ്‌ ആയിരുന്നില്ല. ബിജെപി പതിയെ പിൻവലിഞ്ഞെങ്കിലും സഖ്യത്തിലെ പൊട്ടിത്തെറികളിൽ നാടകം നീണ്ടു. ഒക്ടോബറിൽ സർക്കാരിനെ പിന്തുണച്ച ഏക ബിഎസ്പി അം​ഗം മന്ത്രിസഭയിൽ നിന്നും രാജിവച്ചു. ഗൗഡ കുടുംബത്തോട് ഇഷ്ടക്കേടുള്ള മുൻമുഖ്യമന്ത്രിയും പ്രമുഖ കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യ മറഞ്ഞും തെളിഞ്ഞും കുമാരസ്വാമിയോട് പൊരുതി. അനുയായികളായ എംഎൽഎമാർ  സിദ്ധരാമയ്യക്ക്  വേണ്ടി പരസ്യമായി വാദിച്ചു.  കാളകൂടവിഷം കുടിച്ച പരമശിവന്റെ അവസ്ഥയിലാണ് താനെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പൊതുവേദിയിൽ കരഞ്ഞു കൊണ്ടു പറഞ്ഞു. രാജിക്കത്ത് പോക്കറ്റിലിട്ട് നടക്കുകയാണെന്ന് അദ്ദേഹം പലവട്ടം ഭീഷണി മുഴക്കി..

കഴിഞ്ഞ ജനുവരിയിലാണ് സർക്കാരിനെ അസ്ഥിരപ്പെടുത്തി കൊണ്ടുള്ള വിമത നീക്കങ്ങൾക്ക് തുടക്കമാവുന്നത്. നാല് എംഎൽഎമാർ മുംബൈയിലെ രഹസ്യ കേന്ദ്രത്തിലെത്തി. മന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ രമേഷ് ജർക്കിഹോളിയായിരുന്നു നീക്കങ്ങളുടെ കേന്ദ്രം. നിയമസഭാ കക്ഷിയോഗത്തിനു ഈ എംഎൽഎമാർ എത്തിയില്ല. രണ്ടുപേരെ അയോഗ്യരാക്കാൻ കോൺഗ്രസിന്റെ ശുപാർശ.  ജെഡിഎസ് എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന യെദിയൂരപ്പയുടെ ശബ്ദരേഖ കുമാരസ്വാമി ഇതിനിടെ പുറത്തുവിട്ടു.  നാടകത്തിൽ ബിജെപിക്ക് മേൽ ഒരു ചുവടു വെച്ച് ലോക്സഭാ തെരഞ്ഞെടുപ്പു വരെ സഖ്യം നീങ്ങി. 

കോൺ​ഗ്രസ്-ജെഡിഎസ് സഖ്യം താഴെത്തട്ടിൽ അമ്പേ പരാജയമായ പരീക്ഷണമാണെന്ന് തെളിയുന്നത് അപ്പോഴാണ്. സഖ്യ സ്ഥാനാർത്ഥികൾക്കെതിരെ വിമതശല്യം രൂക്ഷമായിരുന്നു. സുമലതക്ക് വേണ്ടി ബിജെപിക്കൊപ്പം പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ കൊടി വീശി. ദേവഗൗഡയും വീരപ്പമൊയ്‌ലിയും വിമത നീക്കത്തിൽ തോറ്റു. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി കർണാടകത്തിൽ കോൺഗ്രസിന് നേരിടേണ്ടി വന്നു.  സർക്കാരിന്റെ അടിത്തറ ഇളകിത്തുടങ്ങിയ അവസാന രംഗം അവിടെ തുടങ്ങുന്നു. നേതൃമാറ്റത്തിന് വാദിക്കാൻ സിദ്ധരാമയ്യക്ക് തോൽവിയൊരു കാരണമായി.  ബിജെപിക്കൊപ്പം പോകാൻ വിമതർക്കും. 

പരസ്യമായി ഓപ്പറേഷൻ താമരക്ക് ഇല്ലെന്നു ബിജെപി പ്രഖ്യാപിച്ചു. എന്നാൽ അണിയറയിൽ നീക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. പാളയത്തിലെ പടയും ബിജെപി അടവും ചേർന്നപ്പോൾ 16 പേരുടെ രാജി. രണ്ട് സ്വതന്ത്രരും പിന്തുണ പിൻവലിച്ചു. അനുനയത്തിന്റെ വഴികളെല്ലാം അടഞ്ഞപ്പോൾ നാടകത്തിനു തിരശീല. മൈസൂരു മേഖലയിലെ വൊക്കലിഗ വോട്ടുബാങ്കിൽ ബിജെപിയുടെ കടന്നുകയറ്റം,  തമ്മിൽ തല്ലി കൈവിട്ടുപോയ ലോക്സഭ സീറ്റുകൾ, ഭരണം പോയത് മാത്രമല്ല, നഷ്ടങ്ങളുടെ ഈ കണക്കും ജെഡിഎസ്- കോൺ​ഗ്രസ് സർക്കാരിന്റെ അക്കൗണ്ടിൽ ബാക്കിയാണ്.