മഹാ കുംഭമേളയ്ക്കെത്തുന്നവരെയും യുപി നിവാസികളെയും ദുരിതത്തിലാക്കി വഴികളിലെല്ലാം വൻ ഗതാഗത കുരുക്ക്. പ്രയാഗ്‍രാജിൽ നിന്നും 300 കിലോമീറ്റർ അകലെവരെ ഗതാഗതം താറുമാറായെന്നാണ് റിപ്പോർട്ടുകൾ.
ദില്ലി: മഹാ കുംഭമേളയ്ക്കെത്തുന്നവരെയും യുപി നിവാസികളെയും ദുരിതത്തിലാക്കി വഴികളിലെല്ലാം വൻ ഗതാഗത കുരുക്ക്. പ്രയാഗ്‍രാജിൽ നിന്നും 300 കിലോമീറ്റർ അകലെവരെ ഗതാഗതം താറുമാറായെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കുംഭമേളയിൽ പങ്കെടുത്ത് സ്നാനം നടത്തി.
വിവിധ സംസ്ഥാനങ്ങളിൽനിന്നായി കുംഭമേളയിൽ പങ്കെടുക്കാനായി പുറപ്പെട്ട് മണിക്കൂറുകളോളം പെരുവഴിയിൽ കുടുങ്ങിയവർ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. പ്രയാഗ് രാജിൽനിന്നും മുന്നൂറ് കിലോമീറ്റർ അകലെവരെ ഗതാഗതം തടസപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 40 മണിക്കൂർ വരെ ഗതാഗതകുരുക്കിൽ കുടുങ്ങിയവരുണ്ട്. തിരക്ക് നിയന്ത്രണാതീതമായതിന് പിന്നാലെ പ്രയാഗ്രാജ് സംഗം റെയിൽവേ സ്റ്റേഷൻ അടച്ചു.
പതിനഞ്ചിനും പതിനാറിനും പ്രയാഗ്‍രാജിൽ നടത്താനിരുന്ന ഗേറ്റ് പരീക്ഷ ലക്നൗവിലേക്ക് മാറ്റേണ്ടിയും വന്നു. അയോധ്യ അടക്കം പല നഗരങ്ങളിലും ഗതാഗത കുരുക്കിന്റെ പരാതി ഉയരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടക്കം പ്രവർത്തനത്തെ ഈ തിരക്കും ഗതാഗത കുരുക്കും ബാധിച്ചിട്ടുണ്ട്. കുംഭമേള നടത്തിപ്പിൽ യുപി സർക്കാർ സമ്പൂർണ പരാജയമാണെന്ന വിമർശനം പ്രതിപക്ഷം കടുപ്പിച്ചു. കുംഭമേള നഗരിയിൽ സ്ത്രീകൾക്ക് പോലും അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ഭക്തർ തളർന്നുവീണാൽപോലും തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത സ്ഥിതിയാണെന്നും സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു.
സംഗം ഘാട്ടിലടക്കം വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്തർ കുളിക്കുന്ന ദൃശ്യങ്ങളും അഖിലേഷ് എക്സിൽ പങ്കുവച്ചു. എന്നാല് അഖിലേഷ് കള്ളം പ്രചരിപ്പിക്കുകയാണെന്നും കുംഭമേള തുടങ്ങുന്നതിന് മുൻപേ വിമർശനം തുടങ്ങിയതാണെന്നും ബിജെപി പ്രതികരിച്ചു, കുംഭമേളയെ എതിർക്കുന്നവരുടെ വോട്ടുറപ്പിക്കാനാണ് അഖിലേഷിന്റെ ശ്രമമെന്നും യുപി ബിജെപി വക്താവ് പ്രതികരിച്ചു.
നേരത്തെ തിക്കും തിരക്കും കാരണമുണ്ടായ ദുരന്തത്തിനും കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ വരുന്ന ഭക്തരെല്ലാവരും സംഗം ഘാട്ടിലേക്ക് മാത്രം സ്നാനത്തിനായി എത്തുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് യുപി പോലീസിന്റ വിശദീകരണം. തിരക്ക് കുറയ്ക്കാൻ ഇന്നും ഇന്നലെയുമായി അഞ്ഞൂറിലധികം പ്രത്യേക സർവീസുകൾ നടത്തിയെന്ന് റെയിൽവേയും അറിയിച്ചു. മറ്റന്നാൾ നടക്കുന്ന പ്രധാന സ്നാനത്തിന് മുന്നോടിയായാണ് സംഗം റെയിൽവേ സ്റ്റേഷൻ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം അടച്ചതെന്നും റെയിൽവേ വിശദീകരിച്ചു.
രാവിലെയാണ് രാഷ്ട്രപതി ദ്രൗപദി മുർമു കുംഭമേള നഗരിയിലെത്തി സ്നാനം നടത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദി ബെൻ പട്ടേലും ഒപ്പമുണ്ടായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ പൂജയിലും പങ്കെടുത്താണ് രാഷ്ട്രപതി മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്നാനം നടത്തിയിരുന്നു.

