144 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യന്‍ ചന്ദ്രന്‍ ബുധന്‍ വ്യാഴം എന്നീ ഗ്രഹങ്ങള്‍ പ്രത്യേക ക്രമീകരണത്തില്‍ വരുന്ന കുംഭമേളയിലെ ത്രിവേണി യോഗയിലേക്ക് രാജ്യമൊട്ടാകെയുള്ള തീര്‍ത്ഥാടകരെ യുപി സര്‍ക്കാരും സന്യാസി സമൂഹവും ക്ഷണിക്കുകയായിരുന്നു.
ദില്ലി: കുംഭമേള ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. വിഐപികള്‍ക്ക് പിന്നാലെ പോയ യോഗി സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ സാധാരണക്കാരായ തീര്‍ത്ഥാടകരുടെ ജീവന്‍ ബലി കഴിച്ചെന്ന് കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ കുറ്റപ്പെടുത്തി. ദില്ലി തെരഞ്ഞെടുപ്പടക്കം നടക്കാനിരിക്കേ കുംഭമേളയിലെ വീഴ്ച ബിജെപിക്ക് തിരിച്ചടിയായേക്കാം.
144 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യന്‍ ചന്ദ്രന്‍ ബുധന്‍ വ്യാഴം എന്നീ ഗ്രഹങ്ങള്‍ പ്രത്യേക ക്രമീകരണത്തില്‍ വരുന്ന കുംഭമേളയിലെ ത്രിവേണി യോഗയിലേക്ക് രാജ്യമൊട്ടാകെയുള്ള തീര്‍ത്ഥാടകരെ യുപി സര്‍ക്കാരും സന്യാസി സമൂഹവും ക്ഷണിക്കുകയായിരുന്നു. അപൂര്‍വാവസരത്തിലെ സ്നാനത്തില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിന് പേരാണ് പ്രയാഗ് രാജിലേക്കെകത്തിയത്.10 കോടി പേര്‍ ഇന്നലെയെത്തിയെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാനുള്ള ക്രമീകരണങ്ങള്‍ അവിടെയില്ലായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. അമിത്ഷായടക്കമുള്ള വിഐപികള്‍ കഴിഞ്ഞ ദിവസം സ്നാനത്തിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തും. നിര നീളുന്നതോടെ ശ്രദ്ധ വിഐപികളിലേക്ക് മാത്രം ചുരുങ്ങിയെന്നാണ് ആക്ഷേപം.
മരിച്ചവരുടെ വിവരങ്ങള്‍ പുറത്ത് വിടാത്തതില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രൂക്ഷ വിമര്‍ശനമുയര്‍ത്തി. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലെങ്കിലും തുടര്‍ദിവസങ്ങളില്‍ ക്രമീകരണങ്ങള്‍ യഥാവിധം സജ്ജമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പാതി വെന്ത നിലയിലായിരുന്നു ക്രമീകരണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. മായാവതിയും അരവിന്ദ് കെജരിവാളും യോഗി സര്‍ക്കാരിനെതിരെ അതി രൂക്ഷ വിമര്‍ശനമുയര്‍ത്തി. പ്രതീക്ഷിച്ചതിലധികം ജനമെത്തിയതാണ് ദുരന്തകാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
ദില്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ക്രമീകരണങ്ങളിലെ വീഴ്ച പ്രതിപക്ഷം ബിജെപിക്കെതിരെ പരമാവധി ഉപയേഗിക്കുകയാണ്. പ്രയാഗ് രാജിലെ ജാഗ്രത കുറവ് തുടര്‍ന്നും യോഗി ആദിത്യനാഥിന് തലവേദനയാകും. മരണം സംബന്ധിച്ച ഔദ്യോഗിക കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാര്‍ ഇപ്പോഴും മടിക്കുകയാണ്. കേന്ദ്രത്തിന് നേരയും വിമര്‍ശനങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി അടിക്കടി ഇടപെട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
