Asianet News MalayalamAsianet News Malayalam

'അശ്ലീലവും അപരിഷ്കൃതവും'; കുറവൻ കുറത്തിയാട്ടം തമിഴ്നാട്ടിൽ നിരോധിച്ചു

പേര് സൂചിപ്പിക്കുന്നതുപോലെ കുറവ വിഭാഗത്തിൽപ്പെട്ടവരല്ല നർത്തകരെങ്കിലും ആ വിഭാഗത്തിന്‍റെ പരമ്പരാഗത നൃത്തമെന്ന പേരിലാണ് ഇത് അവതരിപ്പിക്കുന്നത്. കുറവർ വിഭാഗത്തിൽപ്പെട്ട ഇരുപത് ലക്ഷത്തിലേറെപ്പേർ തമിഴ്നാട്ടിലുണ്ട്. സർക്കാർ ഉദ്യോഗസ്ഥരായും സർവകലാശാലാ അധ്യാപകരായുമൊക്കെ ഉന്നതനിലയിൽ പ്രവർത്തിക്കുന്നവർ സമുദായത്തിലുണ്ട്. എങ്കിലും നൃത്തരൂപത്തിലൂടെ സമുദായത്തിന് നല്‍കിയിരിക്കുന്ന പ്രതിച്ഛായ തെറ്റാണെന്നും പരാതിക്കാരന്‍

kuravan kurathi dance banned in tamilnadu 
Author
First Published Jan 13, 2023, 9:28 AM IST

ചെന്നൈ : കുറവൻ - കുറത്തിയാട്ടം എന്ന നൃത്തരൂപം തമിഴ്നാട്ടിൽ നിരോധിച്ചു. വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു എന്നുകാട്ടി മധുര സ്വദേശി നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയാണ് നൃത്തം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്. കുറവൻ കുറത്തിയാട്ടത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കാനും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. കുറവ സമുദായത്തിന്‍റെ അനുമതിയോടെയല്ല നൃത്തരൂപത്തില്‍ സമുദായത്തിന്‍റെ പേര് ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു. 

തമിഴ്നാട്ടിലെ ഗ്രാമീണ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ആഘോഷങ്ങളുടെ ഭാഗമായും കുറവൻ കുറത്തിയാട്ടം അവതരിപ്പിക്കാറുണ്ട്. അപരിഷ്കൃതവും അശ്ലീല ചേഷ്ടകളും നിറഞ്ഞ നൃത്തമാണിതെന്ന് കാട്ടിയാണ് മധുര സ്വദേശി ഇരണിയൻ എന്നയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പേര് സൂചിപ്പിക്കുന്നതുപോലെ കുറവ വിഭാഗത്തിൽപ്പെട്ടവരല്ല നർത്തകരെങ്കിലും ആ വിഭാഗത്തിന്‍റെ പരമ്പരാഗത നൃത്തമെന്ന പേരിലാണ് ഇത് അവതരിപ്പിക്കുന്നത്. കുറവർ വിഭാഗത്തിൽപ്പെട്ട ഇരുപത് ലക്ഷത്തിലേറെപ്പേർ തമിഴ്നാട്ടിലുണ്ട്. സർക്കാർ ഉദ്യോഗസ്ഥരായും സർവകലാശാലാ അധ്യാപകരായുമൊക്കെ ഉന്നതനിലയിൽ പ്രവർത്തിക്കുന്നവർ സമുദായത്തിലുണ്ട്. എങ്കിലും നൃത്തരൂപത്തിലൂടെ സമുദായത്തിന് നല്‍കിയിരിക്കുന്ന പ്രതിച്ഛായ തെറ്റാണെന്നും പരാതിക്കാരന്‍ വിശദമാക്കുന്നു. 

പ്രാഥമിക വിദ്യാഭ്യാസം, തൊഴില്‍ അവസരം എന്നിവയെല്ലാം കുറവര്‍ സമുദായത്തിന് നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് പൊതു രംഗത്ത് സമുദായത്തില്‍ നിന്നുള്ള പ്രതിനിധാനം ഏറെ കുറവായിരുന്നു. എന്നാല്‍ നിലവില്‍ സാഹചര്യങ്ങളില്‍ വലിയ രീതിയില്‍ മാറ്റമുണ്ടായെങ്കിലും നൃത്തരൂപങ്ങളിലെ പരാമര്‍ശങ്ങള്‍ക്കും ഉപയോഗങ്ങള്‍ക്കും മാറ്റമില്ലെന്നും പരാതിക്കാരന്‍ വിശദമാക്കുന്നു. 

ഈ നൃത്തരൂപം സാമൂഹികമായി ഇന്ന് ഏറെ പുരോഗമിച്ച സമുദായത്തെ അപമാനിക്കുന്നതാണ്. പശ്ചാത്തലമായി ഉപയോഗിക്കുന്ന പാട്ടിലെ വരികളിലും സംഭാഷണങ്ങളിലും മറ്റ് സമുദായക്കാരെയും അപമാനിക്കുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജിക്കാരന്‍റെ വാദം അംഗീകരിച്ച കോടതി നൃത്തരൂപം അവതരിപ്പിക്കുന്നത് നിരോധിച്ചു. കുറവൻ കുറത്തിയാട്ടത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കണമെന്നും ഉത്തരവിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios