ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വൈദ്യുതി തടസം കാരണം ലിഫ്റ്റ് പ്രവർത്തിക്കാതെ വരികയും തൊഴിലാളി അകത്ത് കുടുങ്ങുകയുമായിരുന്നു.
താനെ: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ തൊഴിലാളിയെ 15 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ നഗരത്തിലാണ് കൊൽക്കത്ത സ്വദേശിയായ 39കാരൻ ലിഫ്റ്റിൽ കുടുങ്ങിയത്. കെട്ടിടത്തിന്റെ 21-ാം നിലയിൽ പെയിന്റിംഗ് ജോലികൾ ചെയ്യുന്നതിനിടെയാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വൈദ്യുതി തടസം കാരണം ലിഫ്റ്റ് പ്രവർത്തിക്കാതെ വരികയും തൊഴിലാളി അകത്ത് കുടുങ്ങുകയുമായിരുന്നു.
പാർക്കിങിനായുള്ള നാല് നിലകളുൾപ്പെടെ 35 നിലകളുള്ള കെട്ടിടത്തിലായിരുന്നു സംഭവം. വൈദ്യുത ബന്ധം പുനഃസ്ഥാപിക്കപ്പെടാതിരുന്നതിനാൽ ലിഫ്റ്റിൽ രാത്രി മുഴുവൻ തൊഴിലാളി കുടുങ്ങിക്കിടന്നതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ ദുരന്തനിവാരണ വിഭാഗം മേധാവി അറിയിച്ചു. മറ്റ് തൊഴിലാളികൾ ഇയാൾക്ക് വെള്ളം എത്തിച്ച് നൽകി ആശ്വാസമേകി. വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുന്നില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് പുലർച്ചയോടെയാണ് ഇവർ അധികൃതരുടെ സഹായം തേടിയത്. ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ഫയർ ഫോഴ്സിനെയാണ് ആദ്യം വിവരം അറിയിച്ചത്. തുടർന്ന് രണ്ട് മണിയോടെ ദുരന്ത നിവാരണ വിഭാഗത്തിലേക്ക് വിവരം കൈമാറി.
പുലർച്ചെ നാല് മണിയോടെ ഞാൻ സ്ഥലത്തെത്തിയപ്പോൾ ഒരു സൂപ്പർവൈസർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷൻ ദുരന്തനിവാരണ വിഭാഗം മേധാവി പറഞ്ഞു. അടിയന്തിരമായി ഒരു പരിഹാരവും ലഭ്യമായിരുന്നില്ല വൈദ്യുതി മുടങ്ങിയതുകൊണ്ട് ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ജീവനക്കാർ സമരത്തിലായതിനാൽ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനും സാധിച്ചില്ല. ഒടുവിൽ മഹാരാഷ്ട്ര സർക്കാറിലെ വൈദ്യുതി വകുപ്പിൽ ജോലി ചെയ്യുന്ന ഒരു മുതിർന്ന ദ്യോഗസ്ഥനുമായി നേരിട്ട് ബന്ധപ്പെട്ടു.
പിന്നീട് ജനറേറ്റർ കൊണ്ടുവന്നു. ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ, എൻഡിആർഎഫ്, പോലീസ്, അഗ്നിശമന സേന, വൈദ്യുതി വകുപ്പ് ജീവനക്കാർ, ജനറേറ്റർ ടീം എന്നിവരുടെ സംയുക്ത പരിശ്രമത്താൽ രാവിലെ 6 മണിയോടെ ലിഫ്റ്റ് പ്രവർത്തിപ്പിച്ച് കുടുങ്ങിയ തൊഴിലാളിയെ സുരക്ഷിതമായി രക്ഷിക്കുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു. തൊഴിലാളിയുടെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
