സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി പരിചയമില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞെങ്കിലും മുമ്പ് ജോലി ചെയ്ത മൂന്ന് ദിവസത്തെ കൂലി തരില്ലെന്ന് പറഞ്ഞ് ഉടമ ഭീഷണിപ്പെടുത്തി.  

ദില്ലി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിച്ചിറക്കിയതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദില്ലിയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം. തൊഴിലാളികളായ ദീപക്(30), ഗണേഷ്(35) എന്നിവരാണ് മരിച്ചത്. രാജേഷ്(40), സഹോദരങ്ങളായ രംബീര്‍, ഷേര്‍ സിങ് എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്.

രോഹിണി നഗറിലെ വീട്ടില്‍ ജോലിക്കെത്തിയ തൊഴിലാളികളോട് സെപ്റ്റിട് ടാങ്ക് വൃത്തിയാക്കാന്‍ ഉടമസ്ഥന്‍ ഗുലാം മുസ്തഫ ആവശ്യപ്പെടുകയായിരുന്നു. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി പരിചയമില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞെങ്കിലും മുമ്പ് ജോലി ചെയ്ത മൂന്ന് ദിവസത്തെ കൂലി തരില്ലെന്ന് പറഞ്ഞ് ഉടമ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ദീപകും ഗണേഷും 10 അടി താഴ്തചയുള്ള സെപ്റ്റിക് ടാങ്കില്‍ ഇറങ്ങുകയായിരുന്നു.

എന്നാല്‍, ഇവരുടെ ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ഇറങ്ങി നോക്കുകയായിരുന്നു. ഉച്ചയോടെ ഷേര്‍ സിങ്ങിന്‍റെ ഭാര്യയാണ് അഞ്ച് പേരുടെയും പ്രതികരണമില്ലാത്തത് ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാരെ അറിയിച്ചു.നാട്ടുകാരും പൊലീസും ചേര്‍ന്ന് അഞ്ചുപേരെയും പുറത്തെടുത്തു. അഞ്ച് പേരും ബോധരഹിതരായിരുന്നു. ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നിര്‍മാണം നടക്കുന്ന വീട്ടില്‍ കഴിഞ്ഞ 20 ദിവസമായി ഇവര്‍ ജോലി ചെയ്യുകയാണ്. വീട്ടുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.