ഭർത്താവ് പിയൂഷിന്റെ ശാരീരിക മാനസിക പീഡനങ്ങളും കോടികളുടെ സാമ്പത്തിക തട്ടിപ്പുമാണ് വനിതാ ഡോക്ടറുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. ഭർത്താവ് ഒളിവിലാണ്.
ജലന്ധർ: വനിതാ ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. പഞ്ചാബിലെ ജലന്ധറിലെ പ്രമുഖ കണ്ണ് ആശുപത്രിയായ നാഷണൽ ഐ ഹോസ്പിറ്റലിന്റെ ഉടമയും ഡോക്ടറുമായ പിയൂഷിന്റെ ഭാര്യ ഡോ. മീനാക്ഷി സൂദ് ആണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ബുധനാഴ്ചയാണ് കണ്ടെത്തിയത്. ഭർത്താവിൽ നിന്നുണ്ടായ കടുത്ത മാനസിക -ശാരീരിക പീഡനങ്ങളാണ് മീനാക്ഷിയുടെ മരണത്തിന് കാരണണമെന്ന് കുടുംബം ആരോപിച്ചു. വീടിന്റെ എല്ലാ വാതിലുകളും ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ജനൽ ചില്ലുകൾ തകർത്താണ് അകത്തുകടന്നത്.
2018 ഒക്ടോബറിലായിരുന്നു മീനാക്ഷിയുടെയും പിയൂഷിന്‍റെയും വിവാഹം. പിയൂഷിന് സ്വന്തം ആശുപത്രിയിലെ ഒരു നഴ്സുമായി ബന്ധമുണ്ടായിരുന്നുവെന്ന് മീനാക്ഷിയുടെ കുടുംബം ആരോപിക്കുന്നു. സംശയം തോന്നിയ മീനാക്ഷി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ വിവരം അറിഞ്ഞത്. ഇതിനെച്ചൊല്ലി പിയൂഷ് മീനാക്ഷിയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തി. ഭർത്താവിന്റെ നിരന്തരമായ ശാരീരിക പീഡനങ്ങൾ സഹിക്കവയ്യാതെ 2025 ജൂലൈ മുതൽ മീനാക്ഷി ഒറ്റയ്ക്കായിരുന്നു താമസം. ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. പിയൂഷിൽ നിന്നും വിവാഹമോചനം നേടാൻ മീനാക്ഷി ആഗ്രഹിച്ചിരുന്നുവെങ്കിലും, കോടതിയെ സമീപിക്കുന്നതിന് മുൻപ് കുറച്ചുകാലം കൂടി കാത്തിരിക്കാൻ അച്ഛൻ നിർദേശിക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.
സ്വന്തമായി വീട് വാങ്ങാൻ മീനാക്ഷി തീരുമാനിച്ചിരുന്നു. ഇതിനായി ഏതാനും ദിവസങ്ങൾക്ക് മുൻപ് ബാങ്കിൽ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം മകൾ അറിഞ്ഞതെന്ന് അച്ഛൻ പറഞ്ഞു. മീനാക്ഷിയുടെ ഒപ്പോ സമ്മതമോ കൂടാതെ അവരുടെ പേരിൽ 2.5 കോടി രൂപയുടെ ലോൺ നിലവിലുണ്ടായിരുന്നു. ഇതുകൂടാതെ വിവാഹം കഴിഞ്ഞതിന് പിന്നാലെ ഥാർ വാങ്ങിയതിന്‍റെ ലോണും മീനാക്ഷിയുടെ പേരിലായിരുന്നു. ഈ ചതി മീനാക്ഷിയെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്ന് അച്ഛൻ പറഞ്ഞു.
"ജീവനൊടുക്കിയതാണോ അതോ കൊലപാതകമാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാകൂ"- മീനാക്ഷിയുടെ അമ്മ പറഞ്ഞു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പീയൂഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാൾ നിലവിൽ എവിടെയാണെന്ന് വ്യക്തമല്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
