Asianet News MalayalamAsianet News Malayalam

'ലഖിംപൂരില്‍ നടന്നത് ക്രൂരമായ കൊലപാതകം'; അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സുപ്രീംകോടതി, യുപി സർക്കാരിന് വിമർശനം

കേസ് പൂജ അവധിക്ക്. ശേഷം പരിഗണിക്കുമെന്നും കേസിൽ അതിന് മുമ്പ് ശക്തമായ നടപടി ഉണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Lakhimpur Kheri violence Supreme Court says unfortunate
Author
Delhi, First Published Oct 8, 2021, 1:52 PM IST

ദില്ലി: ലഖിംപുർ ഖേരി സംഘര്‍ഷം (Lakhimpur Kheri violence) സംബന്ധിച്ച കേസില്‍ യുപി സർക്കാരിനെ കുടഞ്ഞ് സുപ്രീം കോടതി ( Supreme Court). കേസന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി മറ്റൊരു സംവിധാനത്തിന് ഇത് കൈമാറേണ്ടി വരുമെന്ന സൂചന നൽകി. ക്രൂരമായ കൊലപാതകത്തിൽ ആശിഷ് മിശ്രയ്ക്ക് മാത്രം എന്തിന് ഇളവെന്നും കോടതി പരാമർശിച്ചു. മതിയായ നടപടി ഉണ്ടായിട്ടില്ലെന്ന് യുപി സർക്കാർ കോടതിയിൽ സമ്മതിച്ചു.

ലഖിംപുർ ഖേരിയിലെ ഈ ദൃശ്യങ്ങൾ ഇന്ത്യയിലെ പരമോന്നത കോടതിയേയും ഞെട്ടിച്ചു. ക്രുരമായ കൊലപാതകമെന്ന് ഒരു കത്ത് ആധാരമാക്കി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി പറഞ്ഞു. കേസിലെ പ്രധാനപ്രതിയായ ആശിഷ് കുമാർ മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയെന്ന് യുപി സർക്കാരിനു വേണ്ടി ഹരീഷ് സാൽവെ അറിയിച്ചു. എല്ലാ കൊലപാതക കേസുകളിലും ഇതേ ഉദാര രീതിയാണോ കാട്ടുന്നതെന്ന് കോടതി ആഞ്ഞടിച്ചു. സാധാരണ ഇത്തരം കേസുകളിൽ ഉടൻ പ്രതിയെ അറസ്റ്റു ചെയ്യും ക്രൂരമായ കൊലപാതകത്തിന് ദൃക്സാക്ഷികളുമുണ്ട്. ഉത്തരവാദിത്തം നിറവേറ്റേണ്ട ഒരു സർക്കാരും പൊലീസുമാണ് യുപിയിൽ ഉള്ളത്. ഇതുവരെ സ്വീകരിച്ച നടപടികളിൽ തൃപ്തിയില്ലെന്ന് കോടതി ഉത്തരവിൽ രേഖപ്പെടുത്തി.

സർക്കാർ പറയുന്നത് പ്രവൃത്തിയിൽ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നടപടികൾ പോര എന്ന് ഹരീഷ് സാൽവെ സമ്മതിച്ചു. വെടിവയ്പ്പ് നടന്നിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടെന്നും സാൽവെ കോടതിയില്‍ പറഞ്ഞു. അന്വേഷണ സംഘം നോക്കുമ്പോൾ എല്ലാം പ്രാദേശിക ഉദ്യോഗസ്ഥരാണ്. മറ്റൊരു ഏജൻസിക്ക് ഇത് വിടേണ്ടി വരും എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സിബിഐ അന്വേഷണത്തെ എതിർക്കുന്നില്ല എന്ന് ഹരീഷ് സാൽവെ പ്രതികരിച്ചു. കേസിലുള്ള വ്യക്തികളെ നോക്കുമ്പോൾ സിബിഐ അന്വേഷണം കൊണ്ടും കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര മന്ത്രിയുടെ മകൻ ഉൾപ്പെട്ട കേസല്ലേ എന്ന സൂചനയാണ് ഇതിലൂടെ കോടതി നൽകിയത്.

മറ്റൊരു സംവിധാനം ആലോചിക്കണം എന്ന് നിർദ്ദേശിച്ച കോടതി അതെന്താണെന്ന് വിശദീകരിച്ചില്ല. പൂജാ അവധിക്ക് ശേഷം ഇരുപതിന് കേസ് പരിഗണിക്കും. അതിന് മുമ്പ് ശക്തമായ നടപടി ഉണ്ടാകണം. തെളിവുകൾ നശിപ്പിക്കാതെ സൂക്ഷിക്കണം എന്ന നിർദ്ദേശം സംസ്ഥാന ഡിജിപിക്ക് കോടതി നൽകി. യുപി സർക്കാർ മെല്ലെപോക്ക് തുടർന്നാൽ കോടതി നിരീക്ഷണത്തിലുള്ള പ്രത്യേക അന്വേഷണം എന്ന സൂചനയാണ് ഇന്നത്തെ വാദം നൽകുന്നത്. സംഭവത്തിൽ പ്രതിപക്ഷം ഉയർത്തിയ വിമർശനത്തിന് ശക്തി പകരുന്നതാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

Follow Us:
Download App:
  • android
  • ios