Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപിൽ കടുത്ത നടപടികൾ തുടർന്ന് അഡ്മിനിസ്ട്രേഷൻ; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി അറസ്റ്റിൽ

ലക്ഷദ്വീപ് കളക്ടർ അസ്കറലിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തിയ സംഭവത്തിലാണ് നാല് പേരെക്കൂടി അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലുള്ളവരെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്യുന്നത്.

lakshadweep administration following strict procedures
Author
Kavaratti, First Published May 30, 2021, 1:31 PM IST

കവരത്തി: ലക്ഷദ്വീപിൽ കടുത്ത നടപടികൾ തുടർന്ന് അഡ്മിനിസ്ട്രേഷൻ. കിൽത്താൻ ദ്വീപിൽ പ്രതിഷേധം നടത്തിയ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി. സന്ദർശക വിലക്ക് നടപ്പാക്കി തുടങ്ങിയതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ എത്തിയേക്കുമെന്നാണ് സൂചന.

ലക്ഷദ്വീപ് കളക്ടർ അസ്കറലിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തിയ സംഭവത്തിലാണ് നാല് പേരെക്കൂടി അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലുള്ളവരെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്യുന്നത്. പ്രതിഷേധം കാണാനെത്തിയവരെക്കൂടി പൊലീസ് പിടികൂടുകയാണെന്നാണ് അറസ്റ്റിലായവരുടെ ആരോപണം. നേരത്തെ അറസ്റ്റിലായ 23 പേരെ റിമാൻഡ് ചെയ്ത് കിൽത്താനിലെ ഓഡിറ്റോറിയത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കൊവിഡ് മാനദണ്ഡം പാലിച്ച് ഇവരെ താമസിപ്പിക്കാൻ സെല്ലുകളിൽ സൗകര്യമില്ലാത്തതിനാലാണ് നടപടി. 

അതേസമയം, ഇന്നലെ വന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപിലേക്കുള്ള സന്ദർശകവിലക്ക് നടപ്പാക്കി തുടങ്ങി. നിലവിൽ സന്ദർശക പാസിൽ ദ്വീപിൽ തങ്ങുന്നവരോട് ഉടനടി മടങ്ങാനാണ് നിർദേശം. പ്രതിഷേധം ശക്തമായതിന് ശേഷം ആദ്യമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തുമെന്നാണ് സൂചന. സർവകക്ഷി യോഗത്തിന് പിന്നാലെ ഇന്നലെ രൂപീകരിച്ച കോർ കമ്മിറ്റി അഡ്മിനിസ്ട്രേറ്ററെ നേരിട്ട് കണ്ട് വിയോജിപ്പ് അറിയിച്ചേക്കും. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

Follow Us:
Download App:
  • android
  • ios