Asianet News MalayalamAsianet News Malayalam

വധശ്രമക്കേസിൽ പത്ത് വർഷം തടവ് ശിക്ഷ: ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കി ഉത്തരവിറങ്ങി

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവിറങ്ങി.

Lakshadweep MP mohammed faizal declared disqualified
Author
First Published Jan 13, 2023, 11:28 PM IST

ദില്ലി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ലോക്സഭാ സെക്രട്ടറി ജനറലാണ് എംപിയെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതായി ഉത്തരവിൽ പറയുന്നു. ക്രിമിനൽ കേസ് എംപിയെ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് ചട്ടപ്രകാരമുള്ള നടപടി. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് ആണ് ഉത്തരവിറക്കിയത്

വധശ്രമ കേസിലെ  പത്ത് വർഷത്തെ  തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അടക്കം 4 പ്രതികൾ നൽകിയ അപ്പീൽ ഹർജി  ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി വച്ചിരിക്കുകയാണ്. കേസിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും  പ്രോസിക്യൂഷനോടും കോടതി നിർദ്ദേശിച്ചിരുന്നു. അപ്പീലിൽ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ  നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന എംപിയുടെ  ആവശ്യത്തിൽ ചൊവ്വാഴ്ച  വിശദമായ വാദം കേൾക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.  

മുഹമ്മദ് ഫൈസൽ, സഹോരൻമാരായ അമീർ, പഠിപ്പുരക്കൽ  ഹുസൈൻ അടക്കമുള്ളവരാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വധശ്രമത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങൾപോലും കണ്ടെത്തിയിട്ടില്ലെന്നും കേസ് ഡയറിയിലെ വൈരുദ്ധ്യങ്ങൾ കവരത്തി സെഷൻസ്   കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നുമാണ് വാദം. 2009ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. 

Follow Us:
Download App:
  • android
  • ios