പാറ്റ്‍ന: ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ   ഉച്ചഭക്ഷണം കഴിക്കുന്നില്ലെന്നും സംസാരിക്കുന്നില്ലെന്നും അധികൃതര്‍. നാല്‍പ്പത് ലോക്‍സഭാ മണ്ഡലങ്ങളുള്ള ബീഹാറില്‍ ഒരു സീറ്റ് പോലും ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡിക്ക് നേടാനായിട്ടില്ല.

മോദി തരംഗം പ്രകടമായിരുന്ന 2014 ല്‍ നാല് സീറ്റ് ആര്‍ജെഡി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ നാല്‍പ്പതില്‍ 39 സീറ്റും ബിജെപി തൂത്തുവാരി.ബാക്കിയുള്ള ഒരു സീറ്റ് സ്വന്തമാക്കിയതാകട്ടെ കോണ്‍ഗ്രസും. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ലാലു പ്രസാദ് യാദവ് സംസാരിക്കുന്നത് കുറഞ്ഞെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നുനേരം ലാലു പ്രസാദ് യാദവിന് ഇന്‍സുലിന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഉച്ചഭക്ഷണം ഒഴിവാക്കിയതിനാല്‍ ലാലു പ്രസാദ് യാദവിന് അതേ ഡോസില്‍ ഇന്‍സുലിന്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.