കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ ഇതുവരെ 50 ശതമാനത്തിനടുത്ത് പോളിംഗ്. വടക്കൻ കൊല്‍ക്കത്തയിലെ ഒരു ബൂത്തിൽ ബോംബേറ് നടന്നതൊഴിച്ചാൽ പോളിംഗ് പൊതുവെ സമാധാനപരമാണ്. വടക്കൻ കൊല്‍ക്കത്തയിലെ മഹാജതി ഓഡിറ്റോറിയത്തിനടുത്താണ് ബോംബേറ് നടന്നത്.

മാർച്ച് ഇരുപത്തിയേഴിന് തുടങ്ങിയ വോട്ടെടപ്പാണ് ഇന്ന് അവസാനിക്കുന്നത്. അവസാന ഘട്ടത്തിൽ 35 സീറ്റുകളിലാണ് വോട്ടെടുപ്പ്. ഇതിൽ 17 സീറ്റുകളിൽ 2016ൽ ഇടതു കോൺഗ്രസ് സഖ്യം വിജയിച്ചു. 16 ഇടത്ത് തൃണമൂൽ കോൺഗ്രസും. നടൻ മിഥുൻ ചക്രവർത്തി ഉൾപ്പടെയുള്ളവർ അവസാന ഘട്ടത്തിൽ വോട്ടു ചെയ്തു. കൊവിഡ് മഹാമാരിക്കിടയിലും തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കാത്തതിന് കമ്മീഷൻ ഏറെ വിമർശനം കേട്ടിരുന്നു. റാലികളും റോഡ്ഷോകളും മാർഗ്ഗനിർദ്ദേശം ലംഘിച്ച് നടന്നു. 

ആദ്യ ഘട്ടങ്ങളിൽ മമതയ്ക്ക് അനുകൂലമായിട്ടായിരുന്നു എല്ലാ അഭിപ്രായ സർവ്വെകളും. എന്നാൽ വോട്ടെടുപ്പ് തുടരുമ്പോൾ ബിജെപി വൻ മുന്നേറ്റമാണുണ്ടാക്കിയത്. കൊവിഡ് രണ്ടാംതരംഗത്തോടെ ബിജെപിയുടെ പ്രചാരണത്തിന്‍റെയും താളം തെറ്റി. ഇത് വോട്ടിൽ പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് തൃണമൂൽ കോൺഗ്രസ്.

ചില പോക്കറ്റുകളിൽ ഇടതുകോൺഗ്രസ് സഖ്യം സാന്നിധ്യമറിയിക്കാനാണ് സാധ്യത. പശ്ചിമബംഗാൾ പിടിക്കാൻ ബിജെപിക്കായാൽ ഇപ്പോഴുയരുന്ന വിമർശനങ്ങളെ നേരിട്ട് പിടിച്ചുനില്‍ക്കാന്‍ കേന്ദ്രസർക്കാരിനു കഴിയും. മറിച്ചായാൽ പ്രതിപക്ഷനിരയുടെ ഉണർന്നെണീക്കലിന് രാജ്യം സാക്ഷ്യം വഹിക്കും. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona