ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 28000-ത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1396 പുതിയ കൊവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 48 മരണങ്ങളും സംഭവിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തു വിട്ട കണക്കുകൾ അനസുരിച്ച് രാജ്യത്താകെ 27892 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

കൊവിഡ് രോഗികളായിരുന്ന 6185 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോൾ 872 കൊവിഡ് രോഗികൾ ഇതു വരെ മരണപ്പെട്ടു. രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളതും കൂടുതൽ രോഗികൾ സുഖം പ്രാപിച്ചതും മരണപ്പെട്ടതും മഹാരാഷ്ട്രയിലാണ്.  മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നിട്ടുണ്ട്. 
 
24 മണിക്കൂറിനിടെ 440 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8068 ആയി. ഇന്നലെ 19 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 342 ആയി. 

ഇതുവരെ 1188 പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് ബാധിച്ച് മുംബൈയിൽ മരിച്ച പൊലീസുകാരുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപ വീതം നൽകാൻ സർക്കാർ തീരുമാനിച്ചു. രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മുംബൈ,പൂനെ എന്നിവിടങ്ങളിൽ മെയ് 18 വരെ ലോക്ഡൗൺ നീട്ടുമെന്നാണ് സൂചന. ഇന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ ഇന്നലെ 230 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3301 ആയി. 24 മണിക്കൂറിനിടെ 18 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 151 ആയി. ഇന്നലെ 293 കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത ദില്ലിയിൽ ആകെ കൊവിഡ് കേസുകൾ 2918 ആയി.

ഇതിനിടെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്ന ഒൻപതാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ഇന്നലെ പതിനൊന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1001 ആയി. ഇന്നലെ റിപ്പോർട്ട് ചെയത് എല്ലാ കേസുകളും ഹൈദരാബാദിലാണ്. അതേ സമയം കടകൾ തുറക്കാൻ കേന്ദ്രസർക്കാർ നൽകിയ ഇളവുകൾ നടപ്പാക്കേണ്ടെന്ന് തെലങ്കാന സർക്കാർ തീരുമാനിച്ചു. മെയ് 7 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണിത്.