ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തിയ രാഷ്ട്രപതിഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. സരോജിനി മാര്‍ക്കറ്റിനടുത്ത് വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് ഉണ്ടായി. 

ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, വൈസ് ചാന്‍സിലറെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥികളുടെ ലോങ് മാര്‍ച്ച്. ഇതിനു നേരെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്. കുറച്ചുനേരത്തേക്ക് അവസാനിപ്പിച്ച മാര്‍ച്ച് കനത്ത പൊലീസ് സുരക്ഷയില്‍ വീണ്ടും ആരംഭിച്ചു. ഇതിനിടെ വീണ്ടും ലാത്തിച്ചാര്‍ജ് ഉണ്ടായി. വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് റിപ്പോര്‍ട്ട്. 

ഫീസ് വർധനയെ തുടർന്ന്‌ ഒരു മാസത്തിലേറെയായി ജെഎന്‍യുവില്‍ വിദ്യാർത്ഥികൾ സമരത്തിലാണ്. രണ്ട് തവണ ഫീസിൽ ഇളവ് വരുത്തിയെങ്കിലും ഫീസ് വർധന പൂർണമായി പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. ഈ മാസം പന്ത്രണ്ടിന് ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷ ബഹിഷ്ക്കരിക്കുമെന്നും വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥിസമരത്തിന് പിന്തുണയുമായി ജെഎൻയു അധ്യാപക സംഘടനയും രംഗത്തുണ്ട്. കഴിഞ്ഞ മാസം വിദ്യാർഥികൾ പാർലമെന്‍റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞത് വലിയ സംഘർത്തിലേക്ക് വഴിവച്ചിരുന്നു.