Asianet News MalayalamAsianet News Malayalam

സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെൺകുട്ടിയെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പെൺകുട്ടിയെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.  

law student sent to rehabilitation center for chinmayanand case
Author
Delhi, First Published Aug 31, 2019, 10:05 AM IST

ദില്ലി: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെൺകുട്ടിയെ ദില്ലിയിലെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പെൺകുട്ടിയെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.  അതേസമയം, പെൺകുട്ടിയുടെ മാതാപിതാക്കൾ ഇന്ന് കുട്ടിയെ കാണും. തിങ്കളാഴ്ച്ച വരെയാകും കുട്ടി അഭയകേന്ദ്രത്തിൽ ഉണ്ടാവുക. 

ഇന്നലെ രാജസ്ഥാനിൽ നിന്നും പെൺകുട്ടിയെയും സുഹൃത്തിനെയും ഉത്തർപ്രദേശ് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്നലെ രാത്രി  പെൺകുട്ടിയെ സുപ്രീംകോടതിയിൽ ഹാജരാക്കുകയും ചെയ്തു. തിങ്കളാഴ്ച്ച വരെ കുട്ടിയെ ദില്ലിയിലെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ കോടതി നിർദ്ദേശവും നൽകി. പെൺകുട്ടിയുടെ സുരക്ഷ കോടതിയുടെ കടമയാണെന്ന് ഉത്തരവ് പുറത്തിറക്കിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസിൽ തിങ്കളാഴ്ച്ച കോടതി വീണ്ടും വാദം കേൾക്കും.

ദില്ലി പൊലീസ് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കുടംബത്തിനും പെൺകുട്ടിക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വനിതാ അഭിഭാഷകരുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പിന്നീടാണ് പെൺകുട്ടിയെ സുഹൃത്തിനൊപ്പം കണ്ടെത്തിയെന്ന് യുപി പൊലീസ് ഡിജിപിയെ അറിയിച്ചത്. കുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ പരാതി നൽകിയിട്ടും കേസ് എടുക്കാത്ത പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ഫേസ്ബുക്കിലൂടെയാണ്, നിയമ വിദ്യാർത്ഥിനി മുൻ കേന്ദ്ര മന്ത്രിയായിരുന്ന സ്വാമി ചിന്മായനന്ദിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരോട് സഹായാഭ്യാര്‍ത്ഥനയും പെണ്‍കുട്ടി നടത്തിയിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. 
 

Follow Us:
Download App:
  • android
  • ios