ദില്ലി: അന്ന് സ്വവര്‍ഗാനുരാഗികള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ചത് അവര്‍ക്കു കൂടി വേണ്ടിയായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു.  സ്വവര്‍ഗ ബന്ധം കുറ്റകരമല്ലെന്ന് വിധി സമ്പാദിച്ച വനിതാ അഭിഭാഷകരായ മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും ഇനി ദമ്പതികളാണ്. സ്വവര്‍ഗാനുരാഗികളുടെ മൗലികാവകാശം സംരക്ഷിക്കാന്‍ പോരാടി വിജയം നേടിയത് തങ്ങളുടെ വ്യക്തിപരമായ  വിജയം കൂടിയാണെന്ന് ഇന്ന് അവര്‍  വിളിച്ചുപറയുകയാണ്.

സ്വവര്‍ഗ ലൈംഗികത കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് എടുത്തുമാറ്റുന്നതുവരെ പോരാടിയ ഇരുവരുടെയും ചരിത്രവും ചെറുതല്ല. സുപ്രീംകോടതി ജസ്റ്റിസായിരുന്ന മാര്‍ക്കണ്ഡേയ കട്ജുവിന്‍റെ സഹോദരപുത്രിയാണ് അരുന്ധതി. മേനക, മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ഉപദേഷ്ടാവും ചിന്തകനുമായിരുന്ന മോഹന്‍ ഗുരുസ്വാമിയുടെ മകളാണ്.

ചിത്രങ്ങള്‍ കാണാം: സ്വവര്‍ഗ്ഗവിവാഹം; അവനവന് വേണ്ടി പോരാടിയ വനിതാ അഭിഭാഷക ദമ്പതികള്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമത്തിനെതിരായ പോരാട്ടത്തില്‍ ഇരുവരും അടിയുറച്ചു നിന്നു. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് 2009ല്‍ ദില്ലി ഹൈക്കോടതി വിധിച്ചപ്പോള്‍ അത് 2013ല്‍ സുപ്രീംകോടതി തള്ളി. വീണ്ടും തുടര്‍ന്ന നിയമപോരാട്ടം 2018 സെ്പറ്റംബര്‍ ആറിന് വിജയം കണ്ടു. ചരിത്രപരമായ ആ വിധിക്ക് ശേഷം ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും ഇരുവരും സ്ഥാനം നേടി. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം കൊടുത്ത അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ചരിത്രവിധി പ്രസ്താവിച്ചത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കാനുള്ള തീരുമാനം യുക്തിരഹിതവും, നീതീകരിക്കാനാകാത്തതും ആണെന്നായിരുന്നു വിധി പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞത്.