Asianet News MalayalamAsianet News Malayalam

'കലാപകാരികളെ നയിക്കുന്നത് നേതാക്കളല്ല', പൗരത്വ പ്രക്ഷോഭത്തിനെതിരെ കരസേനാ മേധാവി

ദേശവ്യാപകമായി പൗരത്വ നിയമഭേദഗതിക്ക് എതിരെ നടക്കുന്ന വൻ പ്രതിഷേധപ്രകടനങ്ങൾക്കെതിരെ കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് ആദ്യമായാണ് പ്രതികരിക്കുന്നത്. ഡിസംബർ 31-ന് വിരമിക്കാനിരിക്കുകയാണ് ബിപിൻ റാവത്ത്. 

leaders dont lead masses in arson army chief on citizenship protests
Author
New Delhi, First Published Dec 26, 2019, 1:45 PM IST

ദില്ലി: പൗരത്വ നിയമഭേദഗതിക്ക് എതിരെ നടന്ന പ്രക്ഷോഭങ്ങളെ രൂക്ഷമായി വിമർശിച്ച് കരസേനാ മേധാവി ബിപിൻ റാവത്ത്. ''സായുധ കലാപം അഴിച്ചു വിടുന്ന ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ല'', എന്നായിരുന്നു ബിപിൻ റാവത്തിന്‍റെ പ്രതികരണം. 

ഡിസംബർ 31-ന് കരസേനാ മേധാവി പദവിയിൽ നിന്ന് വിരമിക്കാനിരിക്കുകയാണ് ജനറൽ ബിപിൻ റാവത്ത്. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങൾ രാജ്യത്ത് കൊടുമ്പിരിക്കൊള്ളുമ്പോൾ ആദ്യമായാണ് കരസേനാമേധാവി രാഷ്ട്രീയപരാമർശം നടത്തുന്നത്. ദില്ലിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിലാണ് കരസേനാമേധാവിയുടെ പരാമർശം. 

''ജനത്തെ നയിക്കുന്നവരാണ് നേതാക്കൾ. നിങ്ങൾ മുന്നോട്ടു നടക്കുമ്പോൾ, നിങ്ങളെ പിന്തുടരുന്നവരും ഒപ്പം വരും. അതത്ര ലളിതമല്ല, വളരെ സങ്കീർണമായ കാര്യമാണ്'', എന്ന് കരസേനാമേധാവി.

''ജനക്കൂട്ടത്തിനിടയിലും നേതാക്കളുണ്ടാകും. പക്ഷേ ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ. ജനങ്ങളെ അക്രമത്തിലേക്കും, മറ്റും തള്ളി വിടുന്നവരല്ല. രാജ്യത്തെ സർവകലാശാലകളിലും വിദ്യാർത്ഥികൾക്കിടയിലും നടക്കുന്ന പ്രതിഷേധങ്ങൾ നമ്മൾ കാണുന്നുണ്ട്. അവർ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് നമ്മൾ കാണുന്നത്. ഇതല്ല നേതൃത്വം'', എന്ന് കരസേനാ മേധാവി.

അതേസമയം, അതിർത്തി കാക്കുന്ന ജവാൻമാർക്ക് അഭിവാദ്യവും കരസേനാമേധാവി അർപ്പിച്ചു. ദില്ലിയിൽ തണുപ്പ് തടയാൻ നമ്മൾ കമ്പിളി വസ്ത്രങ്ങൾ ധരിച്ച് സുരക്ഷിതരായി കഴിയുമ്പോൾ മൈനസ് പത്ത് മുതൽ മൈനസ് 45 ഡിഗ്രി വരെ തണുപ്പിൽ അതിർത്തിയിൽ കഴിയുന്ന ജവാൻമാരെ ഓർക്കണമെന്ന് കരസേനാമേധാവി. 

Follow Us:
Download App:
  • android
  • ios