പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പുകൾക്ക് കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എന്നാൽ, തൃണമൂൽ കോൺഗ്രസിൽ ചിഹ്നത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനാൽ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. ചിഹ്നം ലഭിച്ചില്ലെങ്കിൽ തൃണമൂൽ സ്ഥാനാർത്ഥികൾക്ക് സ്വതന്ത്രരായി മത്സരിക്കേണ്ടി വന്നേക്കാം.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടത് മുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എന്നാൽ ഉൾപാർട്ടി ഭിന്നത രൂക്ഷമായ തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗിക ചിഹ്നം ആർക്ക് ലഭിക്കുമെന്ന അനിശ്ചിതത്വം നിലനിൽക്കുകയാണ്. നന്ദിഗ്രാം മണ്ഡലത്തിൽ വിജയിച്ച ബി.ജെ.പി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായതിന് പിന്നാലെ സ്ഥാനം രാജിവെച്ചതാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കാരണം. റെജിനഗറിൽ വിജയിച്ച എ.ജെ.യു.പി നേതാവ് ഹുമയൂൺ കബീറും തൻ്റെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഒക്ടോബർ 6-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 9-നാണ് വോട്ടെണ്ണൽ.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക പാർട്ടി പുറത്തുവിട്ടു. റെജിനഗറിൽ മുഹമ്മദ് അബ്ദുള്ളഹിൽ കാഫി, നന്ദിഗ്രാം മണ്ഡലത്തിൽ മിലൻ പ്രധാൻ എന്നിവരാണ് സ്ഥാനാർത്ഥികൾ. അഡ്വ. സയീദ് അസദ് അലി റെജിനഗറിൽ സിപിഎം സ്ഥാനാർത്ഥിയായും ശാന്തി ഗോപാൽ ഗിരി നന്ദിഗ്രാമിൽ സിപിഐ സ്ഥാനാർത്ഥിയായും മത്സരിക്കുമെന്ന് ഇടതുമുന്നണി നേതൃത്വം പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഫൽത്ത ഉപതിരഞ്ഞെടുപ്പിൽ സി.പി.ഐ (എം) സ്ഥാനാർത്ഥി ശംഭുനാഥ് കുർമി തൃണമൂലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി, ജനകീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാഷ്ട്രീയ സ്വാധീനം ശക്തമാക്കാനാണ് ഇടത് മുന്നണിയുടെ നീക്കം.

അതിനിടെ ഭിന്നിച്ച് നിൽക്കുന്ന തൃണമൂൽ കോൺഗ്രസിൽ ചിഹ്നത്തെ ചൊല്ലി തർക്കം രൂക്ഷമാണ്. തൃണമൂൽ കോൺഗ്രസ് ഇതുവരെ തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പാർട്ടിക്കുള്ളിൽ ഉടലെടുത്ത വിഭാഗീയത മൂലം ഔദ്യോഗിക ചിഹ്നമായ 'രണ്ട് പൂക്കളും പുൽച്ചെടിയും' ആർക്ക് അനുവദിക്കുമെന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനമെടുത്തിട്ടില്ല. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കമ്മീഷൻ അന്തിമ തീരുമാനമെടുക്കാൻ വൈകിയാൽ തൃണമൂൽ സ്ഥാനാർത്ഥികൾക്ക് പാർട്ടി ചിഹ്നമില്ലാതെ സ്വതന്ത്രരായി മത്സരിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. സംസ്ഥാനത്ത് മൃഗീയ ഭൂരിപക്ഷം നേടി അധികാരം പിടിച്ച ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായാൽ യാതൊരു മാറ്റവും ഭരണത്തിൽ ഉണ്ടാകില്ല. ഇടതുമുന്നണിയോ കോൺഗ്രസോ വിജയിച്ചാൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വലിയ തോതിൽ മാറുന്നതിൻ്റെ സൂചനയാകുമത്.