ഇന്ത്യ സഖ്യ യോഗത്തിൽ പിണറായിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം കോൺഗ്രസ് പുറത്തുവിട്ടതിൽ നേതാക്കൾക്ക് അമർഷം. പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിച്ച രാഹുലിന് പിണറായിയെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്ന പരാമർശത്തിനെതിരെയും വിമർശനമുണ്ട്
ദില്ലി: പിണറായി വിജയനെ ആലിംഗനം ചെയ്യാനാവില്ലെന്നടക്കമുള്ള ഇന്ത്യ സഖ്യ യോഗത്തിലെ പ്രസംഗം രാഹുൽ ഗാന്ധി പുറത്തുവിട്ടതിൽ അമർഷം പുകയുന്നു. വിമർശനത്തിൽ രാഹുൽ മാന്യതയും മര്യാദയും കാട്ടിയില്ലെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയടക്കം കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യ യോഗത്തിലെ പരാമർശത്തിൽ പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിച്ചത് ഓർമ്മപ്പെടുത്തിയായിരുന്നു രാഹുലിനുള്ള പിണറായിയുടെ തിരിച്ചടി. പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിച്ചത് ചൂണ്ടിക്കാടിയ, രാഹുലിന്‍റേത് ബി ജെ പിയെ സഹായിക്കുന്ന നിലപാടാണെന്നും വിമർശിച്ചു. ഇന്ത്യ സഖ്യം എന്നതിനു പകരം ഇന്ത്യ വേദി എന്നാണ് പിണറായി കൂട്ടായ്മയെ പരാമർശിച്ചത്. കഴിഞ്ഞയാഴ്ച ചേർന്ന ഇന്ത്യ സഖ്യം യോഗത്തിൽ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ ഇന്നലെയാണ് കോൺഗ്രസ് പുറത്തുവിട്ടത്. പിണറായിയുമായി രാഷ്ട്രീയ പോരാട്ടത്തിലാണെന്നും അതിനാൽ ആലിംഗനം ചെയ്യാനാകില്ലെന്നമാണ് രാഹുൽ പറഞ്ഞത്.
രാഹുലിന്‍റെ പ്രസംഗം മാത്രം പുറത്തുവിട്ടതെന്തിന്?
ഇന്ത്യ സഖ്യ യോഗത്തിനകത്ത് നടത്തിയ പ്രസംഗം ആലോചനയില്ലാതെ പുറത്ത് വിട്ടതിൽ കടുത്ത രോഷത്തിലാണ് ഇടതുമുന്നണിയും. 25 പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ രാഹുലിന്‍റെ പ്രസംഗം മാത്രം പുറത്തുവിട്ടത് അനൗചിത്യമാണെന്ന് ഇന്ത്യ മുന്നണിയിലെ ചില പാർട്ടികളും കരുതുന്നുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ചൂണ്ടിക്കാട്ടി പിണറായിയെ ആക്രമിക്കുന്നതിനോടുള്ള എതിർപ്പ് സമാജ് വാദി പാർട്ടിയും ആർ ജെ ഡിയും യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടി എം സിയും എസ് പിയും ആർ ജെ ഡിയും പഴകിയ രീതികൾ തുടരുകയാണെന്ന പരോക്ഷ വിമർശനവും രാഹുലിന്‍റെ പ്രസംഗത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഇടതുപാർട്ടികളടക്കം ദുർബലമായത് കോൺഗ്രസ് മുതലെടുക്കുകയാണെന്ന വിലയിരുത്തലും ഇന്ത്യ സഖ്യത്തിലെ നേതാക്കൾക്കുണ്ട്.
മോദിയെ കെട്ടിപ്പിടിച്ചില്ലേ
ഇന്ത്യ മുന്നണി യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം മാത്രം പുറത്തുവിട്ടതിലടക്കം പ്രതിഷേധം വ്യക്തമാക്കി യോഗത്തിൽ പങ്കെടുത്ത സി പി എം പ്രതിനിധി ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തിയിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ചർച്ചകളിൽ നിന്ന് കേവലം ഒൻപത് മിനിറ്റ് മാത്രമാണ് കോൺഗ്രസ് പുറത്തുവിട്ടതെന്നും ബാക്കി 95 ശതമാനം ചർച്ചകളും മറച്ചുവെച്ചുവെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും സി പി എം പി ബി അംഗവുമായ പിണറായി വിജയനെ ആലിംഗനം ചെയ്യാൻ തനിക്കാവില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമടക്കം ചർച്ചയായ സാഹചര്യത്തിലാണ് ശക്തമായ മറുപടിയുമായി ബ്രിട്ടാസ് രംഗത്തെത്തിയിരിക്കുന്നത്. പിണറായിയെ ആലിംഗനം ചെയ്യാനാകില്ലെന്ന് പറയുമ്പോൾ രാഹുൽ ഗാന്ധി ആരെയൊക്കെയാണ് മുൻപ് ആലിംഗനം ചെയ്തിട്ടുള്ളതെന്ന ചിത്രം ജനങ്ങളുടെ ഓർമ്മയിൽ വരില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ലോക്സഭയ്ക്കുള്ളിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ആലിംഗനം ചെയ്തത് വലിയ തോതിൽ ആഘോഷിക്കപ്പെട്ടില്ലേ. ആർഎസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട കുന്തമുനയായ മോദിയെ എങ്ങനെ രാഹുലിന് ആലിംഗനം ചെയ്യാൻ സാധിച്ചു എന്ന ചോദ്യമടക്കം ഇന്ത്യ മുന്നണി യോഗത്തിൽ ഉയർന്നിരുന്നുവെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. യോഗത്തിൽ മറ്റ് നേതാക്കൾ ഉന്നയിച്ച കാര്യങ്ങൾ കൂടി കോൺഗ്രസ് പുറത്തുവിടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ എസ് എസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ സർട്ടിഫിക്കറ്റ് സി പി എമ്മിന് ആവശ്യമില്ലെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിക്കുന്നത് മുന്നണിയെ ദുർബലപ്പെടുത്തില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

