Asianet News MalayalamAsianet News Malayalam

നിയമവ്യവസ്ഥ പണമുള്ളവരെ സഹായിക്കുന്നു, തലകുനിച്ചിരുന്ന് പ്രശ്നങ്ങള്‍ മറക്കാനാവില്ല; ജസ്റ്റിസ് ദീപക് ഗുപ്ത

കേസ് നീട്ടിക്കൊണ്ട് പോകാനും നിയമ നടപടികള്‍ നീട്ടിവയ്ക്കാനും പണമുള്ളവര്‍ക്ക് സാധിക്കും.പണമുള്ളവര്‍ അഴിക്ക് പിന്നിലായാല്‍ ഉടന്‍ തന്നെ നിയമസഹായം ഉയര്‍ന്ന് കോടതികളില്‍ നിന്ന് ഉറപ്പാക്കും. എന്നാല്‍ പാവപ്പെട്ടവന് ഉയര്‍ന്ന് കോടതിയെ സമീപിക്കുക ബുദ്ധിമുട്ടാണ്. 

legal system appeared to work faster if a rich person was behind bars says Justice Deepak Gupta
Author
New Delhi, First Published May 7, 2020, 3:26 PM IST

ദില്ലി: പണമുള്ളവര്‍ ജയിലില്‍ ആകുമ്പോള്‍ അവര്‍ക്ക് നിയമ വ്യവസ്ഥയുടെ സേവനം വേഗത്തില്‍ ലഭിക്കുന്നുവെന്ന് സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ദീപക് ഗുപ്ത. രാജ്യത്തെ നിയമവ്യവസ്ഥിതി പണവും അധികാരമുള്ളവരെയാണ് പിന്തുണയ്ക്കുന്നതെന്നും  ജസ്റ്റിസ്  ദീപക് ഗുപ്ത പറഞ്ഞു. വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത. ഒട്ടക പക്ഷിയേപ്പോലെ തല താഴ്ത്തിയിരുന്ന് ജുഡീഷ്യറിയിലെ പ്രശ്നങ്ങള്‍ മറയ്ക്കാനാവില്ലെന്നും ദീപക് ഗുപ്ത ദില്ലിയില്‍ പറഞ്ഞു. 

പണമുള്ളവര്‍ അഴിക്ക് പിന്നിലായാല്‍ ഉടന്‍ തന്നെ നിയമസഹായം ഉയര്‍ന്ന് കോടതികളില്‍ നിന്ന് ഉറപ്പാക്കും. എന്നാല്‍ പാവപ്പെട്ടവന് ഉയര്‍ന്ന് കോടതിയെ സമീപിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട തന്നെ കേസ് നീണ്ടുപോകും. കേസ് നീട്ടിക്കൊണ്ട് പോകാനും നിയമ നടപടികള്‍ നീട്ടിവയ്ക്കാനും പണമുള്ളവര്‍ക്ക് സാധിക്കും. ഇത് സാധാരണക്കാരെ സമ്മര്‍ദ്ദത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് നിയമ വ്യവസ്ഥിതിയില്‍ വിശ്വാസമുള്ളതുകൊണ്ട് തലതാഴ്ത്തിയിരുന്ന് പ്രശ്നങ്ങളെ അവഗണിക്കരുത്. പ്രശ്നങ്ങള്‍ കണ്ടെത്തി അവ പരിഹരിച്ച് വേണം മുന്നോട്ട് പോകാന്‍. ഏതൊരു സാഹചര്യത്തിലും നിയമ വ്യവസ്ഥയുടെ വിശ്വാസ്യത കളഞ്ഞുകുളിക്കരുതെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. 

ഭരണഘടനയാണ് ഒരു ജഡ്ജിയുടെ വിശുദ്ധ പുസ്തകമെന്ന് യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. കോടതി മുറിയിൽ എത്തിക്കഴിഞ്ഞാൽ ജഡ‍്ജിക്ക് മതവും വിശ്വാസവും ഒന്നുമില്ല. ഭരണഘടന മാത്രമാണ് അവസാന വാക്ക്. ഭരണഘടനയാണ് ബൈബിളും ഖുറാനും ഗീതയുമൊക്കെ. സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന ഇടപെടലുകൾ അഭിഭാഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്തക്ക് വീഡിയോ കോണ്‍ഫറൻസിംഗ് സംവിധാനം വഴിയാണ് യാത്രയയപ്പ് നൽകിയത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലൊരു യാത്രയയപ്പ് ചടങ്ങ്. രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ ഇടപെട്ട ജഡ്ജികൂടിയായ ജസ്റ്റിസ് ദീപക് ​ഗുപ്ത മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios