ദില്ലി: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ലഷ്കര്‍-ഇ-ത്വയിബ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന. ഇത് സംബന്ധിച്ച്  ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി ലഷ്കര്‍ തീവ്രവാദികള്‍ പ്രദേശത്ത് എത്തിയിരുന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.  നഗരത്തില്‍ തമ്പടിച്ച് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കാനാണ് നീക്കം. കഴിഞ്ഞ കുറച്ചു മാസങ്ങളായി തീവ്രവാദികള്‍ ഇവിടം സന്ദര്‍ശിച്ചതായാണ് വിവരം. 

ലഷ്കര്‍ തീവ്രവാദികളായ ഉമര്‍ മദനി, നേപ്പാള്‍ സ്വദേശിയായ മറ്റൊരു വ്യക്തി എന്നിവരാണ് വാരണാസിയില്‍ താമസിച്ച് ആക്രണണത്തിനാവശ്യമായി സജ്ജീകരണങ്ങള്‍ നടത്തിയത്. ലക്ഷ്ക്കറിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്‍റെ ചുമതല വഹിക്കുന്നതും ഉമറാണ്. കഴിഞ്ഞ മേയ് 7 മുതല്‍ 11 വരെയാണ് ഇവര്‍ വാരണാസിയില്‍ ക്യാമ്പ് ചെയ്തത്. കഴിഞ്ഞ ജൂണില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ വിവരം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.