സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ ആവശ്യപ്പെട്ടത്

ദില്ലി: ജെഎന്‍യു വിസി എം ജഗദേഷ് കുമാറിനെ മാറ്റണമെന്ന് ആവ്യപ്പെട്ട് അധ്യാപക സംഘടന രാഷ്ട്രപതിക്ക് കത്തയച്ചു. ക്യാമ്പസില്‍ നടന്ന ആക്രമണങ്ങളെ ചെറുക്കുന്നതിന് വേണ്ട ഇടപെടല്‍ വിസിയില്‍ നിന്നുണ്ടായില്ലെന്ന ആക്ഷേപത്തിന് പിന്നാലെയാണ് അധ്യാപക സംഘടനയുടെ ഇടപെടല്‍. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ ആവശ്യപ്പെട്ടത്. ജെഎന്‍യു വിസിക്കെതിരെ വിദ്യാര്‍ത്ഥികളും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 

വിസി ഭീരുവിനെ പോലെ പെരുമാറിയെന്നും വിസി രാജിവെക്കും വരെ സമരം തുടരുമെന്നും യൂണിയന്‍ അറിയിച്ചിട്ടുണ്ട്. വിസി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണമെന്നാണ് യൂണിയന്‍റെ ആവശ്യം. അതേസമയം ജെഎന്‍യുവില്‍ ഇന്നലെയുണ്ടായ ആക്രണമുവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു.