ദില്ലി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശസാമ്പത്തികസഹായം തേടിയതിൽ കേന്ദ്രസർക്കാരിന്‍റെ അനുമതി ആവശ്യമാണെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ്. സംസ്ഥാനസർക്കാർ ഇത് ചെയ്തിട്ടില്ല. ദില്ലിയിൽ ചേന്ന വിദേശകാര്യസ്ഥിരം സമിതിയാണ് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വിശദമായി വിലയിരുത്തിയത്.

ഇന്നലെയും ഇന്നുമായാണ് വിദേശകാര്യസ്ഥിരം സമിതി ദില്ലിയിൽ യോഗം ചേർന്നത്. യോഗത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും, വിദേശത്ത് നിന്ന് രാജ്യത്തേക്ക് പല തരം കള്ളക്കടത്തുകൾ നടക്കുന്നതടക്കം സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് അജണ്ടയിൽ ഉണ്ടായിരുന്നത്. എന്നാൽ കേരളത്തിലെ സ്വർണക്കടത്തിനെക്കുറിച്ച് പ്രത്യേകിച്ച് ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നില്ല.

എന്നാൽ കേരളത്തിൽ നിന്ന് ഈ സമിതിയിൽ അംഗങ്ങളായ എം പി എൻ കെ പ്രേമചന്ദ്രനും, അൽഫോൺസ് കണ്ണന്താനവും ഈ വിഷയം യോഗത്തിലുന്നയിച്ചു. മറ്റ് ചില എംപിമാരും ഇവരെ പിന്തുണച്ചുവെന്നാണ് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. ഇതേത്തുട‍ർന്നാണ് സമിതി വിശദമായി വിഷയം ച‍ർച്ച ചെയ്തത്.

ലൈഫ് മിഷൻ പോലെ ഒരു സർക്കാർ പദ്ധതിയിലേക്ക് റെഡ് ക്രസന്‍റ് എന്ന, യുഎഇ ആസ്ഥാനമായ സ്വകാര്യ സംഘടന സാമ്പത്തികസഹായം നൽകുമ്പോൾ അതിന് കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി വികാസ് സ്വരൂപ് പറഞ്ഞത്. സർക്കാർ അനുമതി തേടിയിട്ടില്ല. 

അതോടൊപ്പം വിദേശത്തേക്ക് കടന്ന യുഎഇ കോൺസുൽ ജനറൽ ഉൾപ്പടെയുള്ളവർ മുതൽ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ പൗരൻ വരെ, ആരെയും തൽക്കാലം ഇന്ത്യയ്ക്ക് വിട്ടുതരാൻ ആവശ്യപ്പെടാനാകില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. ഇവർക്ക് നയതന്ത്രപരിരക്ഷയുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടർ സഞ്ജയ് മിശ്രയും യോഗത്തിലുണ്ടായിരുന്നു.